മുഹമ്മദ് ഷമിയ്ക്കായി രണ്ട് ഐപിഎൽ ടീമുകൾ രം​ഗത്ത്; സൺറൈസേഴ്സ് താരത്തെ കൈവിട്ടേക്കും

കഴിഞ്ഞ സീസണിൽ ഹൈദരാബാദിനായി ഒമ്പത് മത്സരങ്ങൾ കളിച്ച ഷമിക്ക് ആറ് വിക്കറ്റ് മാത്രമാണ് നേടാനായത്

മുഹമ്മദ് ഷമിയ്ക്കായി രണ്ട് ഐപിഎൽ ടീമുകൾ രം​ഗത്ത്; സൺറൈസേഴ്സ് താരത്തെ കൈവിട്ടേക്കും
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് അടുത്ത സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് നിരയിൽ മുഹമ്മദ് ഷമി ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ഷമിയെ ട്രേഡിങ്ങിലൂടെ കൈമാറാനോ അത് സാധ്യമായില്ലെങ്കിൽ ലേലത്തിൽ വെക്കാനോ ആണ് സൺറൈസേഴ്സ് ലക്ഷ്യമിടുന്നത്. ലക്നൗ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ ടീമുകൾ ഷമിയെ സ്വന്തമാക്കാൻ താൽപ്പര്യം കാണിച്ചിട്ടുണ്ടെന്നാണ് സൂചന. ക്രിക്ബസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസൺ ഐപിഎല്ലിൽ 10 കോടി രൂപയ്ക്കാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സീസണിൽ ഹൈദരാബാദിനായി ഒമ്പത് മത്സരങ്ങൾ കളിച്ച ഷമിക്ക് ആറ് വിക്കറ്റ് മാത്രമാണ് നേടാനായത്. ഏറെ റൺസ് വിട്ടുകൊടുത്തുകൊണ്ടിരുന്ന ഷമിയെ പിന്നീട് സൺറൈസേഴ്സ് പ്ലെയിങ് ഇലവനിൽ നിന്നൊഴിവാക്കി. ഐപിഎല്ലിൽ 119 മത്സരങ്ങൾ കളിച്ചിട്ടുള്ള ഷമിക്ക് 133 വിക്കറ്റും നേടാൻ സാധിച്ചിട്ടുണ്ട്.

2023ലെ ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കാണ് മുഹമ്മദ് ഷമിയുടെ ബൗളിങ് പ്രകടനത്തിൽ തിരിച്ചടിയായത്. പരിക്കിനെ അവ​ഗണിച്ച് ഇന്ത്യൻ ടീമിൽ തുടർന്ന ഷമി ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി. എന്നാൽ നീണ്ടകാലം പരിക്കിനെ തുടർന്ന് താരം ചികിത്സയിലായിരുന്നു. 2024ലെ ഐപിഎല്ലും ട്വന്റി 20 ലോകകപ്പും ഷമിക്ക് നഷ്ടമായി. പിന്നീട് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രതാപകാലത്തിന്റെ നിഴൽ മാത്രമായിരുന്നു ഷമിയുടെ ബൗളിങ്.

2025 ഫെബ്രുവരിയിൽ നടന്ന ചാംപ്യൻസ് ട്രോഫിയിലും വിക്കറ്റ് വേട്ടയിൽ ഷമിയായിരുന്നു മുന്നിലുണ്ടായിരുന്നത്. എങ്കിലും റൺസ് ധാരാളം വിട്ടുകൊടുക്കുന്നുമുണ്ട്. ഇതോടെ താരത്തിന്റെ കായികക്ഷമതയിൽ വീണ്ടും സംശയമുണർന്നു. ഐപിഎല്ലിലും തിളങ്ങാതായതോടെ താരത്തിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായി. ഇപ്പോൾ രഞ്ജി ട്രോഫിയിലടക്കം നന്നായി കളിക്കുന്നുണ്ടെങ്കിലും താരത്തെ ദേശീയ ടീമിലേക്ക് പരി​ഗണിക്കുന്നില്ല.

Content Highlights: Lucknow Supergiants and Delhi Capitals have shown interest in Mohammed Shami

dot image
To advertise here,contact us
dot image