

2026 ഐപിഎൽ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ തുടരാൻ വിസമ്മതിച്ച മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ട്രേഡില്‍ പോകുന്നതിന് പകരമായി ലേലത്തില്‍ പങ്കെടുക്കണമായിരുന്നുവെന്നാണ് ശ്രീകാന്ത് പറയുന്നത്. രാജസ്ഥാന്‍ ക്യാപ്റ്റനായ സഞ്ജുവിന് വേണ്ടി സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ പ്രതികരണം.
'സഞ്ജു സാംസൺ പറയുന്നത് അദ്ദേഹത്തിന് രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കാൻ താൽപ്പര്യമില്ലെന്നാണ്. എങ്കിൽ പിന്നെ ലേലത്തിന് പോകൂ, ഒരു ട്രേഡിലും ഏർപ്പെടരുത്. മാത്രവുമല്ല, ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ഏറ്റവും അനുയോജ്യൻ റുതുരാജ് ഗെയ്ക്ക്‌വാദാണ്. അദ്ദേഹം മൂന്നാം സ്ഥാനത്താണ് ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നതിൽ കാര്യമില്ല. കാരണം ടീമിനാണ് ആദ്യം മുൻഗണന നൽകേണ്ടത്', ശ്രീകാന്ത് പറഞ്ഞു.
സഞ്ജുവിനെ നഷ്ടപ്പെടുത്തുന്നത് രാജസ്ഥാനും തിരിച്ചടി സമ്മാനിക്കുമെന്നാണ് ശ്രീകാന്ത് പറയുന്നത്. ഈ നീക്കം റോയൽസിൻറെ ബാറ്റിംഗ് യൂണിറ്റിനെ ദുർബലമാക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. എന്നാല്‍ ജഡേജയെ പോലുള്ള ഓള്‍റൗണ്ടറെ നഷ്ടപ്പെടുത്തുന്നതും രാജസ്ഥാന് പ്രയാസമുണ്ടാക്കുമെന്നും ശ്രീകാന്ത് പറഞ്ഞു.
"ബാറ്റിംഗിൽ സഞ്ജു ഒരു നെടുംതൂണായതിനാൽ അദ്ദേഹത്തെ വിട്ടുകളയുന്നത് ഒരു തരത്തിൽ പരാജയമാണ്. എന്നാൽ ലോക ക്രിക്കറ്റിൽ ഓൾറൗണ്ടർമാർ അപൂർവമാണ്. ഇംപാക്ട് പ്ലെയർ നിയമമുണ്ടെങ്കിൽ പോലും, ഒരു യഥാർത്ഥ ഓൾറൗണ്ടറെ കിട്ടുന്നത് വളരെ വിലപ്പെട്ടതാണ്," ശ്രീകാന്ത് കൂട്ടിച്ചേർത്തു.
Content Highlights: “Go to the auction and not be involved in a trade”, Kris Srikkanth to Sanju Samson