അരൂർ അപകടം: രാജേഷിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് നിർമാണ കമ്പനി

അപകടത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു

അരൂർ അപകടം: രാജേഷിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് നിർമാണ കമ്പനി
dot image

ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച ഹരിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് നിർമാണ കമ്പനി. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും കുടുംബത്തിനുണ്ടായ നഷ്ടം വളരെ വലുതാണെന്നും ഹൈവേ കരാർ കമ്പനി മാനേജർ സിബിൻ പറഞ്ഞു.

രാജേഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നൽകാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാൽ ഉടൻ പണം കൈമാറും. സാധാരണഗതിയിൽ റോഡ് അടച്ചിട്ടാണ് പണികൾ നടക്കാറുള്ളത്. ഇന്നലെ രാത്രിയിൽ അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചന്തിരൂര്‍ ഭാഗത്ത് ഗര്‍ഡര്‍ വീണുണ്ടായ അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ രാജേഷ് മരിച്ചത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. മൂന്നര മണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.

അപകടത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരക്ഷ ഒരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. അശോക ബില്‍ഡ്‌കോണ്‍ കമ്പനിക്കെതിരെയാണ് അരൂര്‍ പൊലീസ് കേസെടുത്തത്. അതേസമയം കുടുംബത്തിന് സിഎംഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപ കൈമാറുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജേഷെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ രതീഷ് പറഞ്ഞു. മകളുടെ ചികിത്സ അടക്കം വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കുടുംബമാണിത്. രാവും പകലും ജോലി ചെയ്താണ് രാജേഷ് കുടുംബം പുലർത്തിയിരുന്നത്.

നഷ്ടപരിഹാരം കൊണ്ട് തങ്ങളുടെ നഷ്ടം തീരില്ലെന്നും എന്നാൽ സഹോദരന്റെ കുടുംബത്തിന് ജീവിക്കാൻ ചെറിയൊരു ആശ്വാസമാകും ഈ തുകയെന്നും രതീഷ് പറഞ്ഞു.

Content Highlights: Aroor Accident The construction company announced compensation

dot image
To advertise here,contact us
dot image