

ഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകുമെന്നാണ് സൂചന. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇക്കാര്യത്തിൽ വരാനുള്ളത്.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ കരുത്തരായ രണ്ട് ഓൾറൗണ്ടർമാർ പടിയിറങ്ങുന്നതിന്റെ സ്ഥാനത്തേക്ക് മികച്ച പകരക്കാരെ തന്നെയാണ് വേണ്ടത്. ഇപ്പോഴിതാ ജഡേജയ്ക്കും സാം കറനും പകരക്കാരായി മൂന്ന് താരങ്ങളെ നിർദേശിച്ചിരിക്കുകയാണ് മുൻ താരം രവിചന്ദ്രൻ അശ്വിൻ. രാജസ്ഥാൻ റോയൽസിൽ നിന്ന് സിഎസ്കെയിലെത്തിക്കുന്ന സഞ്ജു, റുതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പൺ ചെയ്യണമെന്നും അശ്വിൻ പറഞ്ഞു.
'ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അവരുടെ ടീമിനെ ശക്തിപ്പെടുത്താന്‍ തീര്‍ച്ചയായും സാധിക്കും. രവീന്ദ്ര ജഡേജയും സാം കറനും ആര്‍ആറിലേക്ക് പോയാല്‍ നിതീഷ് റാണ ലേലത്തില്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിതീഷ് റാണയും വെങ്കിടേഷ് അയ്യരും 100 ശതമാനവും ചെന്നൈയുടെ റഡാറില്‍ ഉണ്ടാകും. സഞ്ജുവും റുതുരാജും ഓപ്പൺ ചെയ്താല്‍ തീര്‍ച്ചയായും നല്ല കാര്യങ്ങള്‍ സംഭവിക്കും. മൂന്നാം നമ്പറില്‍ വെങ്കടേഷ് അയ്യരെയോ നീതീഷ് റാണയെയോ ചെന്നൈ നോക്കുന്നുണ്ടാവും. ബ്രെവിസും ദുബെയും നാലും അഞ്ചും സ്ഥാനങ്ങളില്‍ ബാറ്റിങ്ങിനിറങ്ങും. ആറാം നമ്പറില്‍ കാമറൂണ്‍ ഗ്രീനിനെയും ഇറക്കാം. കാരണം ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മധ്യനിരയില്‍ നന്നായി ബാറ്റുചെയ്യാന്‍ ഗ്രീനിന് സാധിച്ചിട്ടുണ്ട്', അശ്വിൻ പറഞ്ഞു.
'ചെപ്പോക്കില്‍ ഒന്നോ രണ്ടോ മികച്ച ഇന്നിങ്‌സ് വെങ്കടേഷ് കളിച്ചിട്ടുണ്ട്. ശിവം ദുബെയുടെ ഒരു പകര്‍പ്പായാണ് വെങ്കടേഷിനെ എനിക്ക് തോന്നിയിട്ടുള്ളത്. സ്വീപ്പും റിവേഴ്‌സ് സ്വീപ്പും അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കും. സ്‌ക്വയര്‍ ബൗണ്ടററികള്‍ ആക്‌സസ് ചെയ്യാനും ബൗണ്‍സുകള്‍ കളിക്കാനും സാധിക്കുന്ന താരമാണ് നിതീഷ് റാണ. അദ്ദേഹം വളരെ ആകര്‍ഷകമായ ഓപ്ഷനാണ് റാണ. അദ്ദേഹം സിഎസ്‌കെയിലേക്ക് വരാനുള്ള സാധ്യത കൂടുതലുമാണ്', അശ്വിൻ കൂട്ടിച്ചേർത്തു.
Content Highlights: R Ashwin Names CSK's Next Major Target Following Jadeja and Sam Curran Developments