സഞ്ജുവിനെ വേണോ? പകരം ജഡേജയ്‌ക്കൊപ്പം ആ വെടിക്കെട്ട് താരത്തെയും തരണമെന്ന് രാജസ്ഥാന്‍

രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ഡിമാന്റ് ചെന്നൈയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി മാറിയിക്കുകയാണ്

സഞ്ജുവിനെ വേണോ? പകരം ജഡേജയ്‌ക്കൊപ്പം ആ വെടിക്കെട്ട് താരത്തെയും തരണമെന്ന് രാജസ്ഥാന്‍
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് ഇപ്പോൾ ക്രിക്കറ്റ് സർക്കിളുകളിലെ ഹോട്ട് ടോപ്പിക്കുകളിലൊന്ന്. സഞ്ജു രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക് ചേക്കേറുമെന്ന ശക്തമായ റിപ്പോർട്ടുകളാണുള്ളത്. ഐപിഎൽ ട്രേഡിംഗ് വിൻഡോ സജീവമായതോടെയാണ് സഞ്ജു വീണ്ടും സിഎസ്കെയുടെ റഡാറിലെത്തിയത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിനെ സ്വന്തമാക്കാൻ സിഎസ്‌കെ അധികൃതർ രാജസ്ഥാൻ റോയൽസ് ഉടമയുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

സഞ്ജുവിനെ വിട്ടുകൊടുക്കണമെങ്കില്‍ പകരം ചെന്നൈയുടെ സൂപ്പർ താരമായ രവീന്ദ്ര ജഡേജയെ രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യം ചെന്നൈ ഈ ആവശ്യത്തിന് വഴങ്ങിയിരുന്നില്ലെന്നും എന്നാൽ പിന്നീട് സ്വാപ് ഡീലിന് സമ്മതിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിൽ സഞ്ജുവിന്റെയും ചെന്നൈയിൽ ജഡേജയുടെയും പ്രതിഫലം 18 കോടി രൂപയാണെന്നതിനാല്‍ അധിക തുക മുടക്കേണ്ടിവരില്ലെന്നതും ചെന്നൈയ്ക്ക് നേട്ടമായിരുന്നു. ഇതോടെ ചെന്നൈ ജഡേജയെ വിട്ടുകൊടുക്കാൻ തയ്യാറാണെന്നാണ് ക്രിക്കറ്റ് സർക്കിളുകളിലെ റിപ്പോർട്ടുകൾ.

എന്നാലിപ്പോൾ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ഡിമാന്റ് ചെന്നൈയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി മാറിയിക്കുകയാണ്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെ മാത്രം പോരാ ടീമിലെ മറ്റൊരാളെ കൂടി കൈമാറണമെന്നാണ് റോയല്‍സിന്റെ ഇപ്പോഴത്തെ ആവശ്യം. ദക്ഷിണാഫ്രിക്കയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസിനെയാണ് റോയൽസ് ജഡേജയ്ക്കൊപ്പം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂനിയര്‍ എബിഡിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രെവിസ് കഴിഞ്ഞ മെഗാലേലത്തില്‍ അണ്‍സോള്‍ഡായിരുന്ന താരമാണ്. എന്നാല്‍ സീസണ്‍ തുടങ്ങിയ ശേഷം ഇഞ്ചുറി റീപ്ലേസ്‌മെന്റായി ബ്രെവിസിനെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. മികച്ച ബാറ്റിങ് പ്രകടനം കൊണ്ട് വളരെ പെട്ടെന്നു തന്നെ ടീമില്‍ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിരുന്നു.

Content Highlights: RR Want Ravindra Jadeja And Dewald Brevis From CSK In Exchange For Sanju Samson

dot image
To advertise here,contact us
dot image