

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് കിരീടത്തിൽ ആദ്യമായി മുത്തമിട്ടപ്പോൾ പിറന്നത് മറ്റൊരു റെക്കോർഡ്. 185 മില്യൺ കാഴ്ചക്കാർ ഹോട്സ്റ്റാറിൽ കണ്ട മത്സരം വ്യൂവർഷിപ്പിന്റെ കാര്യത്തിൽ 2024 ലെ പുരുഷ ടി 20 ഫൈനലിനൊപ്പമെത്തി.
കണക്കുകൾ പ്രകാരം സെപ്തംബർ 30 ന് ആരംഭിച്ച ടൂർണമെന്റിന്റെ ആകെ കാഴ്ചക്കാർ 446 മില്യൺ പേരാണ്. കഴിഞ്ഞ മൂന്ന് വനിതാ ഏകദിന ലോകകപ്പ് എഡിഷനുകളിലെ ആകെ കാഴ്ചക്കാരുടെ എണ്ണം പോലും ഇത്ര വരില്ല.
ടിവിയിലെ കാഴ്ചക്കാരുടെ എണ്ണത്തിലും ഈ റെക്കോർഡുണ്ട്. 92 മില്യൺ പേരാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ടിവിയിൽ കണ്ടത്. ഇത് ഏകദേശം 2024 ൽ നടന്ന പുരുഷന്മാരുടെ ടി 20 ലോകകപ്പ് ഫൈനൽ, 2023 ൽ നടന്ന ഏകദിന ലോകകപ്പ് ഫൈനൽ എന്നിവക്ക് തുല്യമാണ്.
നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.
ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കമായിരുന്നു ലോറയുടെ 101 റൺസിന്റെ ഇന്നിങ്‌സ്.ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി.
ontent Highlights:Women's World Cup final sets viewership record; equals 2024 men's T20 final