

സ്ട്രേഞ്ചർ തിങ്‌സ് സീരീസിന്റെ ചിത്രീകരണത്തിനിടയിൽ സഹതാരം ഡേവിഡ് ഹാർബർക്കെതിരെ നടി മില്ലി ബോബി ബ്രൗൺ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ സ്ട്രേഞ്ചർ തിങ്സ് സീസൺ 5ന്റെ പ്രീമിയർ റെഡ് കാർപെറ്റിൽ ഇരുവരും ഒന്നിച്ചെത്തിയത് വലിയ ചർച്ചയാകുകയാണ്. ഇരുവരെയും വേദിയിൽ അതീവ സന്തോഷത്തോടെയാണ് കാണപ്പെട്ടത്. ഇതോടെ, ഡേവിഡ് ഹാർബറിനെതിരെ മില്ലി ബോബി ബ്രൗൺ പീഡന പരാതി നൽകിയെന്ന റിപ്പോർട്ടുകൾ തെറ്റാണോ എന്ന ആശങ്കയിലാണ് ആരാധകർ.
ഇരുവരും തമാശകൾ പറയുന്നതും ചിരിക്കുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. സീരിസിന്റെ പ്രൊമോഷനായി ഉണ്ടാക്കിയ മാർക്കറ്റിങ് സ്ട്രാറ്റജി ആണ് ഇതെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. അതേസമയം, ഇരുവരും പ്രൊഫഷനലുകളായതുകൊണ്ട് സീരിസിന്റെ പ്രമോഷന് വേണ്ടി മാത്രം ഒന്നിച്ചെത്തിയതാവാം എന്നും വാദമുണ്ട്. സഹതാരം ഡേവിഡ് ഹാർബറിനെതിരെ ബുള്ളീങ്ങിനും ഉപദ്രവത്തിനും ആയിരുന്നു മില്ലി പരാതി നൽകിയിരുന്നത്. നടിയുടെ പരാതിയെ തുടർന്ന് നെറ്റ്ഫ്ലിക്സ് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. എങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അഞ്ചാം സീസൺ എട്ട് എപ്പിസോഡുകളായാകും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ എട്ട് എപ്പിസോഡുകളും പ്രേക്ഷകരിലേക്ക് എത്തുക. ഇതിൽ ആദ്യ ഭാഗം നവംബർ 26 ന് പുറത്തുവരും. രണ്ടാമത്തെ ഭാഗം ക്രിസ്മസിനും അവസാനത്തെ ഭാഗം പുതുവർഷത്തിലാകും പുറത്തിറങ്ങുക. സീരിസിന്റെ അവസാന എപ്പിസോഡ് നെറ്റ്ഫ്ലിക്സിനൊപ്പം തിയേറ്ററിൽ പുറത്തിറക്കാനും അണിയറപ്രവർത്തകർ പദ്ധതിയിടുന്നുണ്ട്. യുകെയിലും കാനഡയിലുമാണ് സീരീസ് തിയേറ്ററിൽ എത്തുന്നതെന്നാണ് വിവരം. ഇന്ത്യയിൽ റിലീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 1980 കളിലെ ഇന്ത്യാനയിലെ ഹോക്കിൻസ് എന്ന നഗരമാണ് ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. തുടർന്ന് നാലാം സീസണിൽ റഷ്യയും പശ്ചാത്തലമാകുന്നുണ്ട്.
Content Highlights: Milli Brown and David Harper appears together for premiere