

ഹോങ്കോങ്ങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മറ്റൊരു പതിപ്പിന് കൂടി തുടക്കമായിരിക്കുകയാണ്. ഇന്ന് പുലർച്ചെ 5.30 മുതലാണ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായത്. പലതവണ വില്ലനായി മഴയെത്തിയത് ഇത്തവണ ടൂർണമെന്റിന് രസംകൊല്ലിയായി. ടൂർണമെന്റിലെ ആദ്യ മത്സരം ബംഗ്ലാദേശും ഹോങ്കോങ്ങും തമ്മിലായിരുന്നു. ഈ മത്സരം മഴമൂലം ഉപേക്ഷിച്ചു. പിന്നാലെ രണ്ടാം മത്സരം യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇംഗ്ലണ്ടും തമ്മിലായിരുന്നു. ഈ മത്സരവും മഴയെതുടർന്ന് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു.
ആറ് ഓവറാണ് ഒരു ഇന്നിങ്സിലുള്ളത്. ഒരു ടീമിൽ ആറ് താരങ്ങൾ ഉണ്ടാകും. ഒരു താരത്തിന് രണ്ട് ഓവറും നാല് പേർക്ക് ഒരോവറുമാണ് എറിയാൻ കഴിയുക. അർദ്ധ സെഞ്ച്വറി പിന്നിടുന്ന ബാറ്റർ നിർബന്ധമായും റിട്ടയർഡ് ഹർട്ട് ചെയ്യണം. മറ്റ് ബാറ്റർമാർ ഔട്ടോ റിട്ടയർഡ് ഹർട്ട് ആകുകയോ ചെയ്താൽ ആദ്യം റിട്ടയർഡ് ഹർട്ട് ചെയ്ത ബാറ്റർക്ക് തിരിച്ചുവരാം. അഞ്ച് ബാറ്റർമാർ ഔട്ടായാൽ ഒരാൾക്ക് ഒറ്റയ്ക്ക് ബാറ്റ് ചെയ്യാൻ കഴിയും. ഈ സമയത്ത് നോൺ സ്ട്രൈക്കറും ഉണ്ടാകും. നോൺ സ്ട്രൈക്കറുടെ പിഴവിൽ റൺഔട്ട് സംഭവിച്ചാൽ ടീം ഔൾ ഔട്ട് ആകുകയും ചെയ്യും.
ഒരോവറിലെ ആറ് പന്തും സിക്സ് അടിക്കുന്നത് ഈ ടൂർണമെന്റിൽ സാധാരണ സംഭവം മാത്രമാണ്. ഇന്ന് കുവൈത്തിനെതിരെ പാകിസ്താന്റെ അബാസ് അഫ്രീദി ആറ് പന്തിൽ ആറും സിക്സർ പറത്തുകയും ചെയ്തു. മുമ്പ് ഈ ടൂർണമെന്റ് അഞ്ച് ഓവറായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് ടൂർണമെന്റ് ആറ് ഓവറാക്കിയത്. പരമാവധി 55 മിനിറ്റ് വരെയാണ് ഒരു മത്സരത്തിന്റെ ദൈർഘ്യം.
12 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. മൂന്ന് ടീമുകളുള്ള നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടും. എന്നാൽ നാല് ഗ്രൂപ്പിലെയും അവസാന സ്ഥാനക്കാരാകുന്ന ടീമുകൾ ബൗൾ എന്ന ഇനത്തിൽ തുടർന്നും മത്സരിക്കും. നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടി പോയിന്റ് നിലയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ തമ്മിൽ ബൗൾ ഇനത്തിൽ മാത്രം ഫൈനൽ നടക്കും.
നേരത്തെ ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമുകൾ നോക്കൗട്ട് രീതിയിൽ കളിച്ച് സെമിയിൽ എത്തും. അതായത് ഒരു ടീമിന് ഒരു മത്സരം. ജയിക്കുന്നവർ സെമിയിലെത്തും. പരാജയപ്പെട്ട നാല് ടീമുകൾ പ്ലേറ്റ് ഇനത്തിൽ മത്സരിക്കും. ഇവിടെ നിന്ന് രണ്ട് ടീമുകൾ പ്ലേറ്റ് ഫൈനലും കളിക്കും. അതുപോലെ ക്വാർട്ടർ ജയിച്ച് സെമിയിലെത്തിയ ടീമുകൾ പരസ്പരം ഏറ്റുമുട്ടി രണ്ട് ടീമുകൾ ഫൈനലിന് യോഗ്യത നേടും. ആ രണ്ട് ടീമുകളിൽ നിന്ന് വിജയിക്കുന്നവരാണ് ഹോങ്കോങ് സിക്സസിന്റെ ചാംപ്യന്മാരാകുക.
ക്രിക്കറ്റിൽ ട്വന്റി 20യ്ക്കും ടി10നും മുമ്പേ അഞ്ച് ഓവറിന്റെ ക്രിക്കറ്റ് ടൂർണമെന്റുകൾ ഉണ്ടായിരുന്നു. 1992ലാണ് ഈ ടൂർണമെന്റ് ആദ്യം നടന്നത്. 1997 വരെ സ്ഥിരമായി ഈ ടൂർണമെന്റ് നടന്നിരുന്നു. എന്നാൽ പിന്നീട് നാല് വർഷത്തെ ഇടവേളയുണ്ടായി. 2001ൽ വീണ്ടും ഹോങ്കോങ് ക്രിക്കറ്റ് സിക്സസ് തിരിച്ചുവന്നു. പിന്നീട് 2012 വരെ ടൂർണമെന്റ് സ്ഥിരമായി നടത്തി. അതിനുശേഷം 2017ൽ ഒരിക്കൽ കൂടി നടന്ന ടൂർണമെന്റ് വീണ്ടും ഇടവേളയിലായി. 2012ലാണ് ഇന്ത്യ അവസാനമായി ഹോങ്കോങ് സിക്സസ് കളിച്ചത്. അഞ്ച് തവണ വീതം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഹോങ്കോങ് സിക്സസ് ചാംപ്യന്മാരായി. നാല് തവണ പാകിസ്താനും ചാംപ്യൻഷിപ്പ് നേടിയിട്ടുണ്ട്. 2005ൽ റോബിൻ സിങ് നയിച്ച ഇന്ത്യൻ ടീമിന് മാത്രമാണ് ഈ ടൂർണമെന്റിൽ കിരീടം നേടാനായത്.
പൂൾ സിയിൽ പാകിസ്താനും കുവൈത്തിനുമൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്. പാകിസ്താൻ കുവൈത്തിനെയും ഇന്ത്യ പാകിസ്താനെയും തോൽപ്പിച്ചു. നാളെ രാവിലെ 6.40ന് നടക്കുന്ന മത്സരത്തിൽ കുവൈത്തിനെ തോൽപ്പിക്കാനായാൽ ഇന്ത്യയ്ക്ക് ഹോങ്കോങ് സിക്സസിന്റെ ക്വാർട്ടർ ഫൈനൽ കളിക്കാൻ കഴിയും. ദിനേശ് കാർത്തിക് നയിക്കുന്ന ഏഴംഗ സംഘമാണ് ഹോങ്കോങ് സിക്സസിൽ മത്സരിക്കുന്നത്. റോബിൻ ഉത്തപ്പ, ഭരത് ചിപ്പിലി, സ്റ്റുവർട്ട് ബിന്നി, അഭിമന്യൂ മിഥുൻ, ഷബാസ് നദീം, പ്രിയങ്ക് പാഞ്ചൽ എന്നിവരാണ് ഇന്ത്യൻ ടീമിലുള്ള മറ്റ് താരങ്ങൾ.
Content Highlights: Hong Kong Sixes 2025: All you need to know