


 
            വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ചില ചരിത്ര നേട്ടങ്ങളും ഇന്ത്യൻ ടീം വിജയത്തോടൊപ്പം സ്വന്തമാക്കി. അതിൽ പ്രധാനം പരാജയമറിയാതെ ലോകകപ്പ് വിജയങ്ങളുമായി കുതിച്ചിരുന്ന ഓസ്ട്രേലിയൻ പടയോട്ടത്തിന് അവസാനം കുറിച്ചെന്നതാണ്. വനിത ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ചെന്ന റെക്കോർഡും ഇന്ത്യൻ വനിതകൾ സ്വന്തമാക്കി.
ഏകദിന ലോകകപ്പിൽ തുടർച്ചയായ 15 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയായിരുന്നു ഓസ്ട്രേലിയൻ വനിത ടീം. 2017ലെ വനിത ലോകകപ്പിന്റെ സെമിയിൽ ഇന്ത്യൻ വനിതകളോടാണ് ഓസീസ് അവസാനമായി പരാജയപ്പെട്ടത്. പിന്നീട് പരാജയമറിയാതെ 2022ലെ ലോകകിരീടം സ്വന്തമാക്കി. ഇപ്പോൾ 2025ൽ ഗ്രൂപ്പ് ഘട്ടത്തിലെ ഏഴ് മത്സരങ്ങളും വിജയിച്ചു. ഒടുവിൽ ഇന്ത്യയോട് തന്നെ പരാജയപ്പെട്ട് ഓസീസ് വനിതകൾ ലോകകപ്പിലെ വിജയഗാഥയ്ക്ക് അവസാനം കുറിച്ചിരിക്കുകയാണ്.
വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺചെയ്സാണ് ഇന്നലെ നവി മുംബൈയിൽ സംഭവിച്ചത്. ഇതേ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ 331 റൺസിന്റെ വിജയലക്ഷ്യം ഓസ്ട്രേലിയൻ വനിതകൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നിരുന്നു. ഒക്ടോബർ 12ന് വിശാഖപട്ടണത്ത് ഓസീസ് വനിതകൾ കുറിച്ച ചരിത്രം 19 ദിവസത്തിന്റെ ഇടവേളിയിൽ ഇന്ത്യൻ വനിതകൾ തിരുത്തിയെഴുതി. ഇത്തവണ 339 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ പിന്തുടർന്ന് നേടിയത്.
വനിത ലോകകപ്പിൽ ആറ് തവണ സെമി കളിച്ച ഓസീസ് നാലിലും ജയിച്ചു. എന്നാൽ പരാജയപ്പെട്ട രണ്ട് തവണയും ഇന്ത്യയായിരുന്നു എതിരാളികൾ. 2017ൽ മിഥാലി രാജിന്റെ സംഘമാണ് ഓസ്ട്രേലിയയെ സെമിയിൽ പരാജയപ്പെടുത്തിയ മറ്റൊരു ഇന്ത്യൻ ടീം. വനിത ഏകദിന ലോകകപ്പിൽ ഇത് രണ്ടാം തവണ മാത്രമാണ് നോക്കൗട്ട് മത്സരങ്ങളിൽ 200ന് മുകളിലുള്ള ലക്ഷ്യം പിന്തുടർന്ന് വിജയിക്കുന്നത്. 2017ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് വനിതകൾ 219 എന്ന ലക്ഷ്യം പിന്തുടർന്ന് വിജയിച്ചിരുന്നു. വനിത ലോകകപ്പിൽ ഇതാദ്യമാണ് ഇന്ത്യൻ ടീം 200ലധികം റൺസ് പിന്തുടർന്ന് വിജയിക്കുന്നത്.
വനിത ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ പിറക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. മത്സരത്തിലാകെ 679 റൺസാണ് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും വനിതകൾ ഒരുമിച്ച് അടിച്ചെടുത്തത്. സെപ്റ്റംബർ 20ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിൽ 781 റൺസ് പിറന്നതാണ് ഏകദിന ക്രിക്കറ്റിൽ രണ്ട് ടീമുകൾ ചേർന്ന് അടിച്ചെടുത്ത എക്കാലത്തെയും ഉയർന്ന സ്കോർ.
Content Highlights: Australian winning streak ended, India inked new histories
 
                        
                        