ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാൻ പാടില്ലെന്ന് അമ്മ; വിവാഹജീവിതം കട്ടപ്പൊകയായെന്ന് മകൻ

ഒരു വിശേഷദിവസവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബർ 23ന് ഭാര്യ അവരുടെ സ്വന്തം വീട്ടിൽ പോയതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമത്രേ

ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാൻ പാടില്ലെന്ന് അമ്മ; വിവാഹജീവിതം കട്ടപ്പൊകയായെന്ന് മകൻ
dot image

തന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെ മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നത് ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന ഒരു യുവാവിന്റെ റെഡ്ഡിറ്റിലെ തുറന്നെഴുത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. മാതാപിതാക്കളുടെ ഒപ്പം താമസിക്കുന്നത് അവസാനിപ്പിച്ച് മാറിത്താമസിക്കണോ എന്ന കാര്യത്തിൽ ഉപദേശം തേടിയാണ് യുവാവ് പോസ്റ്റിട്ടത്. മാതാപിതാക്കൾ ദയയുള്ളവരാണ്. എന്നാൽ തന്റെ വിവാഹം കഴിഞ്ഞതോടെ പല കാര്യങ്ങളിലും വലിയ മാറ്റം വന്നുവെന്നാണ് യുവാവ് പറയുന്നത്. ചെറിയ കലഹങ്ങൾ വലിയ പ്രശ്‌നത്തിലെത്തുന്നത് സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കുന്നുവെന്നാണ് യുവാവിന്റെ പരാതി. പ്രത്യേകിച്ച് അമ്മയും ഭാര്യയും തമ്മിലുള്ള വഴക്ക് പരിധി ലംഘിച്ചുവെന്നും യുവാവ് പരിതപിക്കുന്നുണ്ട്.

അഞ്ച് വർഷം മുമ്പായിരുന്നു യുവാവിന്റെ വിവാഹം. ഭാര്യ അധ്യാപികയാണ്. വിവാഹത്തിന് ശേഷം മാതാപിതാക്കളുടെ സ്വഭാവം ആകെ മാറി. അമ്മ കർശനമായ ഭക്ഷണരീതികളും മതപരമായ രീതികളും പിന്തുടരുന്നയാളാണ്. വീട്ടിൽ ഉള്ളിയോ വെളുത്തുള്ളിയോ ഉപയോഗിക്കാൻ സമ്മതിക്കാറില്ല. ഭാര്യയും താനും ഇതെല്ലാം അനുസരിച്ച് ജീവിച്ചെങ്കിലും വീട്ടിൽ കലഹം മാത്രം ഒഴിയുന്നില്ല. ഡൽഹിക്ക് പുറത്ത് പോകുമ്പോൾ മാത്രമേ തങ്ങൾ ഉള്ളി അടങ്ങിയ ഭക്ഷണം കഴിക്കാറുള്ളുവെന്ന് യുവാവ് പറയുന്നു.

ഒരു വിശേഷദിവസവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബർ 23ന് ഭാര്യ അവരുടെ സ്വന്തം വീട്ടിൽ പോയതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമത്രേ. ഭാര്യയുടെ മാതാപിതാക്കൾ തന്നെ വിളിച്ചില്ലെന്നും മകനെ ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചില്ലെന്നും പറഞ്ഞാണ് അമ്മ പ്രശ്‌നം ആരംഭിച്ചതെന്ന് യുവാവ് പറയുന്നു. ആദ്യമേ തന്നെ തനിക്ക് ജോലി തിരക്കുണ്ടെന്ന് ഭാര്യയുടെ മാതാപിതാക്കളെ അറിയിച്ചെന്നാണ് യുവാവ് പറയുന്നത്. ഇത് അംഗീകരിക്കാൻ അമ്മ തയ്യാറല്ല.

കലഹം പതിവായതോടെ മാറി താമസിക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുവാവിന്റെ ഭാര്യ. വിവാഹമോചനമൊന്നും അല്ല അവൾ ആവശ്യപ്പെട്ടതെന്നും സ്വസ്ഥമായി ജീവിക്കാനാണ് ഈ മാറ്റമെന്നുമാണ് ഭാര്യ പറയുന്നതെന്നും യുവാവ് പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ തന്റെ മാതാപിതാക്കൾ മോശമാണെന്നല്ല താൻ പറയുന്നതെന്നും യുവാവ് പറയുന്നു.

പോസ്റ്റിന് താഴെ കമന്റുമായി നിരവധി പേരാണ് എത്തിയത്. വിവാഹത്തിന് പ്രാധാന്യം കൊടുക്കണമെന്നാണ് ഭൂരിഭാഗവും യുവാവിനോട് ആവശ്യപ്പെട്ടത്. വിവാഹത്തിന് ശേഷം എന്തിനാണ് മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നത്? പ്രത്യേകിച്ച് പങ്കാളികളിൽ ഒരാൾ മാത്രം. രണ്ട് പേരും അവരുടെ കുടുബം വിട്ട് സ്വന്തം ഇടം കണ്ടെത്തണമെന്നും പലരും യുവാവിനെ ഉപദേശിക്കുന്നുണ്ട്. ഒരു സ്ത്രീ അവൾക്ക് പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച് ഒരു പുരുഷനൊപ്പം വരുമ്പോൾ തിരിച്ച് അത് പുരുഷനും ചെയ്യാൻ കഴിയാത്തത് എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. ലോകം മാറിപ്പോയെന്ന് അമ്മയ്ക്ക് പറഞ്ഞുകൊടുക്കു എന്നും അഭിപ്രായം ഉന്നയിച്ചവരുണ്ട്.

Content Highlights: Delhi mans post on mother wife duo tensions over kitchen things and silly matters

dot image
To advertise here,contact us
dot image