

ഓസീസ് മണ്ണിൽ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും അവസാന ബാറ്റിങ് ആരാധകരെ മാത്രമല്ല, കമന്ററി ബോക്സിനെയും വികാരഭരിതമാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾ ബാറ്റുചെയ്യുന്നതിനിടെ കമന്റേറ്റർ കരയുന്ന വീഡിയോ വൈറലാവുകയാണ്. ഓസ്ട്രേലിയയിൽ മത്സരം ബ്രോഡ്കാസ്റ്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ കമന്റേറ്റർമാരിൽ ഒരാളാണ് രോഹിത്തിന്റെയും കോഹ്‌ലിയുടെയും ബാറ്റിങ് കണ്ട് കരയുന്നത്.
സിഡ്നി പോരിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത്തും വിരാടും കാണികൾക്കും ആവേശമായിരുന്നു. ആ ആവേശം കമന്റേറ്റർമാരും ഏറ്റെടുക്കുകയായിരുന്നു. മത്സരത്തിനിടെ ഒരു സഹപ്രവർത്തകൻ കോഹ്‌ലിയെയും രോഹിത്തിനെയും കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നത് ഓസ്‌ട്രേലിയൻ കമന്റേറ്റർമാരിൽ ഒരാൾ കണ്ണീരോടെ നിൽക്കുന്നതാണ് വീഡിയോ.
🗣️ “Virat Kohli and Rohit Sharma on their last night in Australia. Not even Mick Jagger and Keith Richards could have played it better.” - @GerardWhateley
— SEN Cricket (@SEN_Cricket) October 25, 2025
A night we’ll never forget in Sydney. Virat and Rohit sign off from these shores in style ❤️ #AUSvIND 🏏 pic.twitter.com/e7pDwdMVpM
ഓസീസ് മണ്ണിൽ തങ്ങളുടെ അവസാന മത്സരമായിരിക്കും ഇതെന്ന് കോഹ്ലിയും രോഹിത്തും മത്സരശേഷം വ്യക്തമാക്കിയിരുന്നു. സിഡ്നിയിലെ ഏകദിനത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചതില്‍ ആരാധകരോട് കോഹ്‌ലി നന്ദി പറഞ്ഞു. ഇനി ഇരുവര്‍ക്കും ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര കളിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലെന്ന് രോഹിത്തും പറഞ്ഞു. ഓസീസ് മണ്ണിൽ രോഹിത്തിന്റെയും കോഹ്‌ലിയുടെയും അവസാന മത്സരമായിരിക്കും ഇതെന്ന സാധ്യതയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇരുവരുടെയും വാക്കുകൾ.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിഡ്നിയിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയ രോഹിത്തും അർധ സെഞ്ച്വറി നേടിയ കോഹ്‌ലിയുമാണ് ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. 25 പന്തില്‍ നിന്ന് പുറത്താവാതെ 121 റണ്‍സ് അടിച്ചെടുത്ത രോഹിത്താണ് പ്ലെയര്‍ ഓഫ് ദ സീരീസായും സിഡ്‌നി ഏകദിനത്തിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്‌ലി സിഡ‍്നിയിൽ തകർപ്പൻ അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 81 പന്തിൽ ഏഴ് ബൗണ്ടറികളടക്കം 74 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ്‌ലി മുൻ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content Highlights: Australian commentator tears up watching Rohit Sharma, Virat Kohli in Sydney ODI, Video Goes Viral