'നിങ്ങളുടെ ഏതെങ്കിലും കളിക്കാരനെ കൊണ്ടുവരൂ'; ഏഷ്യാ കപ്പ് വിവാദത്തില്‍ വീണ്ടും നിബന്ധനയുമായി നഖ്‌വി

ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ നഖ്‌വിക്ക് ഔദ്യോഗിക ഇമെയില്‍ അയച്ചിരുന്നു

'നിങ്ങളുടെ ഏതെങ്കിലും കളിക്കാരനെ കൊണ്ടുവരൂ'; ഏഷ്യാ കപ്പ് വിവാദത്തില്‍ വീണ്ടും നിബന്ധനയുമായി നഖ്‌വി
dot image

ഏഷ്യാ കപ്പ് ട്രോഫി വിവാദത്തില്‍ ബിസിസിഐയ്ക്ക് മറുപടിയുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി മൊഹ്‌സിന്‍ നഖ്‌വി. ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നഖ്‌വിക്ക് ഔദ്യോഗിക ഇമെയില്‍ അയച്ചിരുന്നു. നഖ്‌വിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടിയുണ്ടായില്ലെങ്കിൽ, ഔദ്യോഗിക മെയിൽ വഴി ഐസിസിയെ ഇക്കാര്യം അറിയിക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഇതിന് പിന്നാലെയാണ് നഖ്‌വി പ്രതികരണവുമായി രം​ഗത്തെത്തിയത്. ഏതെങ്കിലും ഇന്ത്യൻ താരത്തെ അയച്ചാല്‍ അയാളുടെ കൈയില്‍ ട്രോഫി കൈമാറാമെന്നും നവംബര്‍ ആദ്യവാരം ഇതിനായി ചടങ്ങ് സംഘടിപ്പിക്കാനും നഖ്‌വി ബിസിസിഐയോട് ആവശ്യപ്പെട്ടതായി നഖ്‌വിയെ ഉദ്ധരിച്ച് പാക് മാധ്യമപ്രവര്‍ത്തകനായ ഫൈസാന്‍ ലഖാനി എക്സിൽ കുറിച്ചു.

ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങ് ഒരുപാട് വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ ട്രോഫി ഇല്ലാതെയായിരുന്നു ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്.

ഏഷ്യാ കപ്പ് കഴിഞ്ഞ ആഴ്ച്ചകൾ പിന്നിട്ടിട്ടും ഇന്ത്യൻ ടീമിന് കിരീടം ലഭിച്ചിട്ടില്ല. നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഓഫീസിലാണ് ട്രോഫി. . ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെത്തി തന്നിൽ നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്നായിരുന്നു നഖ്വിയുടെ ആവശ്യം.

സെപ്റ്റംബർ 30 ന് നടന്ന എസിസി യോഗത്തിൽ, നഖ്വിയുടെ പെരുമാറ്റത്തെ ബിസിസിഐ അപലപിക്കുകയും ഏഷ്യാ കപ്പ് എസിസിയുടേതാണെന്ന് പറയുകയും ചെയ്തു. ഏഷ്യാ കപ്പ് ട്രോഫി വിജയിച്ച ഇന്ത്യൻ ടീമിന് ഔദ്യോഗികമായി സമർപ്പിക്കണമെന്നും അത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) അടിയന്തര കസ്റ്റഡിയിൽ വെയ്ക്കണമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഊന്നിപ്പറഞ്ഞിരുന്നു.

Content Highlights: Mohsin Naqvi puts condition on giving BCCI the Asia Cup trophy, Report

dot image
To advertise here,contact us
dot image