ഒന്നിലധികം സ്ത്രീകളുമായി ലൈംഗികബന്ധം, ഓഡിയോ ലീക്ക്, പിന്നാലെ നികുതിവെട്ടിപ്പും;ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ഒളിവിൽ

49കാരനായ കോളിങ്‌വുഡ് നിലവില്‍ വിവാഹമോചിതനാണ്

ഒന്നിലധികം സ്ത്രീകളുമായി ലൈംഗികബന്ധം, ഓഡിയോ ലീക്ക്, പിന്നാലെ നികുതിവെട്ടിപ്പും;ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ഒളിവിൽ
dot image

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും അസിസ്റ്റന്റ് കോച്ചുമായ പോള്‍ കോളിങ്‌വുഡിന്റെ തിരോധാനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. വഴിവിട്ട വ്യക്തിജീവിതം പരസ്യമായതിന് പിന്നാലെയാണ് ഇംഗ്ലണ്ടിന് ആദ്യമായി ടി20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ കോളിങ്‌വുഡ് നിത്യജീവിതത്തില്‍ നിന്ന് അപ്രത്യക്ഷനായത്.

കഴിഞ്ഞ ഡിസംബറില്‍ ന്യൂസിലന്‍ഡിലെ ഹാമില്‍ട്ടണില്‍ നടന്ന ഇംഗ്ലണ്ടിന്റെ മൂന്നാം ടെസ്റ്റിനിടെയാണ് കോളിങ്‌വുഡ് അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 49കാരനായ കോളിങ്‌വുഡ് 2025 മെയ് 22ന് നോട്ടിങ്ഹാമില്‍ സിംബാബ്‌വെക്കെതിരെ നടന്ന ഏക ടെസ്റ്റിന് മുന്‍പ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്തിരുന്നു. പിന്നീട് ഇതുവരെ മുന്‍ താരത്തെ കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള പരിശീലക ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തില്ലെന്നും ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2023 ഏപ്രില്‍ മുതല്‍ കോളിങ്‌വുഡിനെ ചുറ്റിപ്പറ്റി വിവാദങ്ങളും അഭ്യൂഹങ്ങളും ഉടലെടുത്ത് തുടങ്ങിയിരുന്നു. മുന്‍ സഹതാരം ഗ്രെയിം സ്വാനാണ് കോളിങ്‌വുഡിന്റെ ലീക്ക്ഡ് ഓഡിയോയുടെ കാര്യം തുറന്നുപറഞ്ഞത്. അശ്ലീലച്ചുവയുള്ള ഓഡിയോ ക്ലിപ്പ് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഒന്നിലധികം സ്ത്രീകളുമായി രണ്ട് മണിക്കൂറോളം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ വിവരണമായിരുന്നു ഓഡിയോ ക്ലിപ്പിലുണ്ടായിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു.

49കാരനായ കോളിങ്‌വുഡ് നിലവില്‍ വിവാഹമോചിതനാണ്. ഇതിന് മുന്‍പും താരം വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. 2007ല്‍ ട്വന്റി20 ലോകകപ്പിനിടെ കോളിങ്‌വുഡ് കേപ്ടൗണ്‍ സ്ട്രിപ് ക്ലബ്ബില്‍ പോയതായി വാര്‍ത്തകളുണ്ടായിരുന്നു. 1000 പൗണ്ടായിരുന്നു അന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പിഴചുമത്തിയത്.

2022ല്‍ ഇംഗ്ലണ്ടിന്റെ താത്ക്കാലിക പരിശീലകനായി നിയമിതനായതിന് തൊട്ടുപിന്നാലെയും കോളിങ്‌വുഡ് വിവാദത്തില്‍പ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് ഇംഗ്ലണ്ട് 10 വിക്കറ്റിന് തോറ്റതിന് ദിവസങ്ങള്‍ക്ക് ശേഷം, കോളിങ്‌വുഡ് ബാര്‍ബഡോസ് ബീച്ചില്‍ ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

അതേസമയം കോളിങ്‌വുഡിന്റെ ഈ തിരോധാനത്തിന് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. സ്വകാര്യജീവിതത്തെ കുറിച്ചുള്ള വിവാദങ്ങള്‍ കൂടാതെ നികുതിവെട്ടിപ്പും കോളിങ്‌വുഡിന്റെ പേരിലുണ്ട്. എച്ച്എം റവന്യൂ കസ്റ്റംസുമായുള്ള നിയമപോരാട്ടവും കോളിങ്‌വുഡ് തോറ്റതോടെ രണ്ട് കോടിയോളം രൂപ നികുതിയിനത്തിലും അടയ്ക്കണം. വന്‍ വെട്ടിപ്പാണ് താരം നടത്തിയതെന്നായിരുന്നു കണ്ടെത്തല്‍. 68 ടെസ്റ്റുകളില്‍ നിന്നായി 4259 റണ്‍സും 197 ഏകദിനങ്ങള്‍ നിന്ന് 5092 റണ്‍സും 111 വിക്കറ്റുമാണ് കോളിങ്‌വുഡിന്റെ സമ്പാദ്യം.

Content Highlights: Amid Scandals, Explicit Audio Leak, Ex-England Captain Remains Missing

dot image
To advertise here,contact us
dot image