'ഭീരുക്കള്‍ക്ക് വാതുറക്കാനുള്ള ഇടമായി സോഷ്യല്‍ മീഡിയ മാറി'; ഇഷിത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ വരുണ്‍

കോൻ ബനേഗ ക്രോർപതി എന്ന പരിപാടിയിൽ പങ്കെടുത്ത് വൈറലായ ഇഷിത് ഭട്ടിനെതിരെ വ്യാപകമായ സൈബർ വിമർശനമാണ് ഉയർന്ന് വന്നത്

'ഭീരുക്കള്‍ക്ക് വാതുറക്കാനുള്ള ഇടമായി സോഷ്യല്‍ മീഡിയ മാറി'; ഇഷിത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ വരുണ്‍
dot image

ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതി എന്ന പരിപാടിയിൽ പങ്കെടുത്ത് വൈറലായ ഇഷിത് ഭട്ടിനെതിരെ വ്യാപകമായ സൈബർ വിമർശനമാണ് ഉയർന്ന് വന്നത്. എന്നാൽ സെലിബ്രിറ്റികളും എന്തിന് ഡോക്ടർമാരും ഉൾപ്പെടെ കുട്ടിക്കെതിരെ ഉയരുന്ന വിമർശനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ്. ഷോയുടെ അവതാരകനായ അമിതാഭ് ബച്ചനോട് വളരെ പരുഷമായും ബഹുമാനമില്ലാതെയും പത്തുവയസുള്ള കുട്ടി സംസാരിക്കുന്നതാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചത്. ഷോയിൽ പ്രൈസ് മണിയൊന്നും ലഭിക്കാതെ കുട്ടി പുറത്തായപ്പോൾ ഇത്രയും സംതൃപ്തി തന്നൊരു ക്ലൈമാക്സ് വേറെയില്ലെന്നും പോലും പലരും അഭിപ്രായപ്പെടുകയും ചെയ്തു.

ഇഷിത് ഭട്ടിനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി. ഒരു ബോധവുമില്ലാതെ സംസാരിക്കുന്ന ഭീരുക്കളുടെ ഇടമായി സോഷ്യൽ മീഡിയ മാറിയെന്നതിന്റെ ഉദാഹരണമാണിതെന്നാണ് വരുൺ തുറന്നടിച്ചത്. ഇഷിത് ഒരു കുട്ടിയാണെന്നും ​ദൈവത്തെ ഓർത്തെങ്കിലും വെറുതെ വിടണമെന്നുമാണ് വരുൺ പറയുന്നത്. എക്സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

യാതൊരു ബോധവുമില്ലാതെ വാതുറന്ന് സംസാരിക്കുന്ന ഒരുകൂട്ടം ഭീരുക്കൾക്കുള്ള ഇടമായി സോഷ്യൽ മീഡിയ മാറിയെന്നതിനുള്ള ഉദാഹരണമാണിത്. എന്തായാലും അവൻ‌ ഒരു കുട്ടിയല്ലേ. ദൈവത്തെ ഓർത്ത് അവനെ വളരാൻ അനുവദിക്കണം. നിങ്ങൾക്ക് ഒരു കുട്ടിയെ സഹിക്കാൻ കഴിയുന്നില്ലെങ്കിൽ ഇത് ചിന്തിച്ചുനോക്കൂ, ഈ കുട്ടിക്കെതിരെ കമന്റിട്ട് ആക്രമിക്കുന്നവരെ പോലെ പല കേസുകളും ഈ സമൂഹം സഹിച്ചുകൊണ്ടിരിക്കുകയാണ്, വരുൺ എക്സിൽ കുറിച്ചു.

ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതി എന്ന പരിപാടിയുടെ ഷോയുടേതായി ഒക്ടോബർ 9ന് നടന്ന എപ്പിസോഡാണ് വൈറലായിരിക്കുന്നത്. ഷോയിൽ പങ്കെടുക്കാന്‍ അവസരം കിട്ടിയ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് ഇഷിത് ഭട്ട്. അമിതാഭ് ബച്ചന്റെ മുന്നിലെ ഹോട്ട്‌സീറ്റിലെത്തിയ ഇഷിത് തുടക്കം മുതല്‍ അമിതമായ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. അമിതാഭ് ബച്ചന്‍ സംസാരിക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ പോലും കുട്ടി സമ്മതിക്കാതെ ഇടയ്ക്കു കയറിപ്പറയുന്നതും കാണാമായിരുന്നു.

അമിതാഭ് ബച്ചന്‍ ഷോയുടെ നിയമങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍, "എനിക്ക് നിയമങ്ങൾ അറിയാം, ഇപ്പോ എന്നെ വിശദീകരിച്ചു കേൾപ്പിക്കാൻ നിൽക്കണ്ട", എന്ന് ഓവർ കോൺഫിഡൻസോടെ ഇഷിത് പറയുന്നത് വൈറൽ വീഡിയോകളിൽ കാണാം. അമിതാഭ് ബച്ചനോട് ഇങ്ങനെ സംസാരിച്ചത് പ്രേക്ഷകർക്കിടയിൽ അമ്പരപ്പ് ഉളവാക്കി. പിന്നീട് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയപ്പോഴും കുട്ടി ഇതേ മനോഭാവം തുടര്‍ന്നു.

ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകള്‍ നല്‍കുന്നതാണ് കെബിസിയിലെ പതിവ്. എന്നാല്‍ തനിക്ക് ഉത്തരമറിയാമെന്നതിനാല്‍ ചോദ്യം ചോദിച്ചശേഷം ഓപ്ഷനുകള്‍ പറയാന്‍ കുട്ടി അമിതാഭ് ബച്ചനെ പലപ്പോഴും അനുവദിച്ചില്ല. എന്നാല്‍ 20,000 രൂപയ്ക്കുള്ള നാലാമത്തെ ചോദ്യത്തില്‍ കുട്ടിക്ക് അടിപതറുകയായിരുന്നു.

Content Highlights: Varun Chakaravarthy defends KBC Junior kid Ishit Bhatt over criticism

dot image
To advertise here,contact us
dot image