
ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ ഗുജറാത്തില്‍ കൂട്ടരാജി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ 16 മന്ത്രിമാരാണ് രാജിവെച്ചത്. ഇതില്‍ എട്ട് പേര്‍ കാബിനറ്റ് റാങ്കിലുള്ളവരും ബാക്കിയുള്ളവര്‍ സഹമന്ത്രിമാരുമാണ്. എല്ലാ മന്ത്രിമാരുടെയും രാജി മുഖ്യമന്ത്രി അംഗീകരിച്ചു. പത്ത് പേരെ ഉൾപ്പെടുത്തി മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നാണ് വിവരം.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ഭൂപേന്ദ്ര പട്ടേലുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഭൂപേന്ദ്ര പട്ടേലിന്റെ വസതിയിൽ രാത്രി എട്ട് മണിയോടെയാണ് കൂടിക്കാഴ്ച. ഇതിന് ശേഷം ഗവർണർ ആചാര്യ ദേവവ്രതുമായി ഭൂപേന്ദ്ര പട്ടേൽ കൂടിക്കാഴ്ച നടത്തും. പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേര് അടങ്ങുന്ന പട്ടിക ഭൂപേന്ദ്ര പട്ടേൽ ഗവർണർക്ക് കൈമാറുമെന്നാണ് വിവരം. പുതിയ മന്ത്രിസഭ നാളെ രാവിലെ 11.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ പി നദ്ദ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ന് വൈകിട്ട് ഭൂപേന്ദ്ര പട്ടേലിന്റെ വസതിയിൽ അടിയന്തര യോഗം ചേർന്നിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാലും യോഗത്തിൽ പങ്കെടുത്തിരുന്നു. മന്ത്രിസഭയിലും പാർട്ടിയിലും അടിയന്തരമായി അഴിച്ചുപണി നടത്തണമെന്ന കേന്ദ്ര തീരുമാനം ബൻസാൽ യോഗത്തെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ജഗദീഷ് വിശ്വർമ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി സമവായത്തിൽ എത്തുകയായിരുന്നു. പിന്നാലെയായിരുന്നു മന്ത്രിമാരുടെ രാജി.
Content Highlights: All Gujarat ministers except CM Patel resign ahead of cabinet expansion