'ടീമിലെ മടിയന്മാരെ കോഹ്‌ലി തല്ലാനോങ്ങിയിട്ടുണ്ട്, ഞാന്‍ പിടിച്ചുമാറ്റുകയായിരുന്നു'; തുറന്നുപറഞ്ഞ് ശാസ്ത്രി

'ആ ജിമ്മില്‍ പോയി ട്രെയിനിങ്ങ് തുടങ്ങൂ, എന്നിട്ട് ഫിറ്റാവൂ എന്നായിരിക്കും വിരാട് നിങ്ങളോട് പറയുന്നത്'

'ടീമിലെ മടിയന്മാരെ കോഹ്‌ലി തല്ലാനോങ്ങിയിട്ടുണ്ട്, ഞാന്‍ പിടിച്ചുമാറ്റുകയായിരുന്നു'; തുറന്നുപറഞ്ഞ് ശാസ്ത്രി
dot image

ഇന്ത്യന്‍ ടീമില്‍ മടിയന്മാരായിട്ടുള്ള തന്റെ സഹതാരങ്ങളെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായിരുന്ന വിരാട് കോഹ്‌ലി തല്ലാനോങ്ങിയിട്ടുണ്ടെന്ന് മുന്‍ കോച്ച് രവി ശാസ്ത്രി. LiSTNR സ്‌പോര്‍ട്‌സ് പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു താന്‍ കോച്ചായിരുന്ന കാലത്തെ ഇന്ത്യന്‍ ടീമിലെ രസകരമായ സംഭവങ്ങളെ കുറിച്ച് മനസ് തുറന്നത്.

അന്ന് ക്യാപ്റ്റനായിരുന്ന കോഹ്‌ലി സഹതാരങ്ങളുടെ ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധയും കണിശതയും പുലര്‍ത്തിയിരുന്നയാളാണെന്നും ശാസ്ത്രി തുറന്നുപറഞ്ഞു. കളിക്കളത്തില്‍ തെറ്റുചെയ്യുന്ന താരങ്ങളെ കോഹ്‌ലി തല്ലാന്‍ വരെ മുതിര്‍ന്നിട്ടുണ്ടെന്നും പലപ്പോഴും താനാണ് പിടിച്ചുമാറ്റിയിരുന്നതെന്നും ശാസ്ത്രി പറഞ്ഞു.

'കോഹ്‌ലിക്കൊപ്പം വിക്കറ്റിനിടയിലൂടെ ഓടുമ്പോള്‍ നിങ്ങള്‍ക്ക് മടിയുണ്ടെങ്കില്‍ അദ്ദേഹം വളരെ പെട്ടെന്ന് കണ്ടുപിടിക്കും. രണ്ടാം റണ്ണിനായി നിങ്ങള്‍ ഓടുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ കിതയ്ക്കുന്നുണ്ടാവും. കോഹ്‌ലി മൂന്നാം റണ്ണിന് ഓടുമ്പോള്‍ നിങ്ങള്‍ അപ്പോഴും രണ്ടാമത്തെ റണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല. അപ്പോള്‍ തന്നെ വിരാട് നിങ്ങളോട് പറയുന്നത് 'ആ ജിമ്മില്‍ പോയി ട്രെയിനിങ്ങ് തുടങ്ങൂ, എന്നിട്ട് ഫിറ്റാവൂ' എന്നായിരിക്കും', ശാസ്ത്രി പറഞ്ഞു.

'പലപ്പോഴും എനിക്ക് കോഹ്‌ലിയെ ശാന്തനാക്കേണ്ടി വന്നിട്ടുണ്ട്. ഒരു ബാറ്റര്‍ ഔട്ടാകുമ്പോള്‍ കോഹ്ലി ഉടനെ സീറ്റില്‍ നിന്നും ചാടി എഴുന്നേല്‍ക്കും. ഞാനാണ് അടക്കി ഇരുത്തുന്നത്. അവന്‍ വിക്കറ്റിന്റെ അടുത്തുള്ളപ്പോള്‍ അങ്ങോട്ട് പോകേണ്ട ഇങ്ങ് വന്ന് ബൗണ്ടറി ലൈന്‍ ഒന്ന് കഴിയട്ടെ എന്ന് ഞാന്‍ പറയും', ശാസ്ത്രി പറഞ്ഞു.

'ചൂടുള്ള തകരമേല്‍ക്കൂരയില്‍ പെട്ട പൂച്ചയെ പോലെയാണ് കോഹ്‌ലി. ദേഷ്യം വന്നാല്‍ ആരെയും എപ്പോഴും അടിക്കാന്‍ തയ്യാറായിരിക്കും. അതാണ് വിരാട് കോഹ്‌ലി', ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Ravi Shastri Reveals Virat Kohli’s Brutal Fitness Standards During Captaincy

dot image
To advertise here,contact us
dot image