
രഞ്ജി ട്രോഫി സീസണിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനിടെ മുംബൈ താരം മുഷീര്‍ ഖാനും മഹാരാഷ്ട്ര താരം പൃഥ്വി ഷായും തമ്മില്‍ കയ്യേറ്റമുണ്ടായ സംഭവം ചര്‍ച്ചയായിരുന്നു. ഇരട്ടസെഞ്ച്വറിക്കരികില്‍ പുറത്തായതിന് പിന്നാലെയാണ് മുംബൈ താരങ്ങളുമായി പൃഥ്വി ഷാ കളിക്കളത്തിനുള്ളില്‍ കൊമ്പുകോര്‍ത്തത്. തന്നെ പ്രകോപിപ്പിച്ച മുംബൈ സ്പിന്നറും സര്‍ഫറാസ് ഖാന്റെ സഹോദരനുമായ മുഷീര്‍ ഖാനെ പൃഥ്വി ഷാ ബാറ്റുകൊണ്ട് തല്ലാനോങ്ങുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇപ്പോഴിതാ പൃഥ്വി ഷായെ ചൊടിപ്പിച്ച മുഷീര്‍ ഖാന്റെ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. മത്സരത്തിന്റെ 74-ാം ഓവറില്‍ മുഷീര്‍ ഖാന്റെ പന്തില്‍ ഇര്‍ഫാന്‍ ഉമൈറിന്റെ ക്യാച്ചിലാണ് പൃഥ്വി ഷാ പുറത്താവുന്നത്. പൃഥ്വി ഷായെ പുത്താക്കിയതും ആവേശഭരിതനായ മുഷീര്‍ പരിഹാസത്തോടെ 'താങ്ക് യൂ' എന്ന് പറയുകയായിരുന്നു. ഈ വാക്കുകളാണ് പൃഥ്വി ഷായെ ചൊടിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
🚨 PRITHVI SHAW vs MUSHEER KHAN 🚨
— Richard Kettleborough (@RichKettle07) October 8, 2025
- Heated exchange between Prithvi Shaw and Musheer Khan after Prithvi's wicket 😮
- Prithvi Shaw allegedly tried to raise his bat and grab the collar of Musheer Khan 😨
- What's your take 🤔 pic.twitter.com/FD44yWYwpJ
പുറത്തായതിന് പിന്നാലെ ഇറങ്ങിപ്പോവുകയായിരുന്ന പൃഥ്വി ഷാ മുഷീറിന്റെ വാക്കുകള്‍ കേട്ട് പ്രകോപിതനാവുകയും തിരിച്ചെത്തുകയായിരുന്നു. പിന്നാലെ മുഷീറിന്റെ കോളറില്‍ പിടിച്ച് കയ്യേറ്റത്തിന് മുതിരുകയും ബാറ്റുകൊണ്ട് തല്ലാനോങ്ങുകയുമായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ബാറ്റ് ദേഹത്ത് തട്ടിയില്ലെങ്കിലും സ്ഥിതിഗതികള്‍ കൈവിട്ട് പോകാതിരിക്കാന്‍ അമ്പയര്‍ ഇടപെട്ടു. ഷായെ പിന്തിരിപ്പിക്കാന്‍ അമ്പയര്‍ ശ്രമിച്ചു. ഷാ ഡഗൗട്ടിലേക്ക് പോയതിനുശേഷമാണ് സ്ഥിതി ശാന്തമായത്.
തന്റെ മുന്‍ ടീമായ മുംബൈക്കെതിരെ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് ഷാ കളിച്ചത്. മത്സരത്തില്‍ കിടിലന്‍ ഇന്നിങ്സിലൂടെ ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങുമ്പോഴാണ് ഷാ പുറത്താവുന്നത്. 181 റണ്‍സ് നേടിയ ശേഷമാണ് പൃഥ്വി ഷാ പുറത്തായത്. 25കാരനായ ഷാ കിടിലന്‍ ഇന്നിങ്സ് കളിക്കുകയും മുംബൈ ബൗളര്‍മാരെ മുഴുവന്‍ നന്നായി കൈകാര്യം ചെയ്യുകയുമുണ്ടായി.
Content Highlights: Musheer Khan's two words that boiled Prithvi Shaw and led to almost a fist-fight