ചാമ്പ്യന്‍സ് ട്രോഫി ജയിച്ചതിന്റെ ക്രെഡിറ്റ് ദ്രാവിഡിന്!; ഗംഭീറിനെ 'അവഗണിച്ച്' രോഹിത്

ഏകദിന ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ നിലവിലെ കോച്ച് ഗൗതം ഗംഭീറിനെ അവഗണിച്ചുള്ള രോഹിത് ശർമയുടെ വാക്കുകൾ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുകയാണ്

ചാമ്പ്യന്‍സ് ട്രോഫി ജയിച്ചതിന്റെ ക്രെഡിറ്റ് ദ്രാവിഡിന്!; ഗംഭീറിനെ 'അവഗണിച്ച്' രോഹിത്
dot image

2025ലെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ വിജയിച്ചതിന്റെ ക്രെഡിറ്റ് മുൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് നൽകി സൂപ്പർ താരം രോഹിത് ശർമ. ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡ് രൂപപ്പെടുത്തിയെടുത്ത സംസ്കാരമാണ് ചാമ്പ്യൻസ് ട്രോഫി വിജയത്തിലേക്ക് ടീമിനെ നയിച്ചതെന്നാണ് രോഹിത് പ്രശംസിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ നിലവിലെ കോച്ച് ഗൗതം ഗംഭീറിനെ അവഗണിച്ചുള്ള രോഹിത് ശർമയുടെ വാക്കുകൾ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുകയാണ്.

"നോക്കൂ, ആ ടീമിനെ ഞാനേറെ സ്നേഹിക്കുന്നുണ്ട്. ആ ടീമിനൊപ്പം കളിക്കുന്നത് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഞങ്ങൾ എല്ലാവരും ഉൾപ്പെട്ട ഒരുപാട് വർഷം നീണ്ട യാത്രയായിരുന്നു അത്. ഒരു വർഷത്തേയോ രണ്ട് വർഷത്തേയോ ജോലിയായിരുന്നില്ല. ഒരുപാട് വർഷം നീണ്ട പ്രയത്നത്തിന്റെ ഫലമായിരുന്നു ചാമ്പ്യൻസ് ട്രോഫിയിൽ ലഭിച്ചത്,"ചൊവ്വാഴ്ച മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ് ദാനച്ചടങ്ങിൽ സംസാരിക്കവേ താരം പറഞ്ഞു.

"പലതവണ നമ്മൾ ഐസിസി കിരീടങ്ങൾ നേടുന്നതിന് തൊട്ടടുത്തെത്തിയിട്ടുണ്ട്. പക്ഷേ അവസാനത്തെ കടമ്പ കടക്കാൻ സാധിച്ചിരുന്നില്ല. അതോടെയാണ് നമ്മൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് എല്ലാവരും തീരുമാനിച്ചത്. ഒന്ന് രണ്ട് കളിക്കാരെ മാത്രം കൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാവില്ല. സ്ക്വാഡിലുള്ള എല്ലാവരും ആ ആശയത്തെ ഉൾക്കൊള്ളണം. സ്ക്വാഡിലുള്ള എല്ലാവർക്കും ഇണങ്ങുന്നതുമായിരിക്കണം അത്," 2024ലെ ട്വന്റി ലോകകപ്പ് ജയത്തിലേക്ക് ചൂണ്ടി രോഹിത് ശർമ പറഞ്ഞു.

2024 ലെ ടി20 ലോകകപ്പിനും പിന്നീട് ചാമ്പ്യൻസ് ട്രോഫിക്കും വേണ്ടി ഞങ്ങൾ ആസൂത്രണം ചെയ്യുന്ന സമയത്ത് എനിക്കും രാഹുൽ (ദ്രാവിഡ്) ഭായിക്കും ആ മനോഭാവം വളരെ സഹായകരമായിരുന്നു. ഞങ്ങൾ അത് നന്നായി ചെയ്യുകയും ചെയ്തു", രോഹിത് ശർമ കൂട്ടിച്ചേർത്തു.

Content Highlights: Rohit Sharma snubs Gautam Gambhir: Hitman credits Rahul Dravid for Champions Trophy win

dot image
To advertise here,contact us
dot image