'ഐപിഎല്ലിലേക്ക് പോകൂ!'; സഞ്ജുവിന്‍റെ ക്യാച്ചില്‍ അമ്പയര്‍മാരെ പഴിച്ച് അഫ്രീദി

വിവാദത്തിലേക്ക് ഐപിഎല്ലിനെ വലിച്ചിഴച്ചാണ് അഫ്രീദി സംസാരിച്ചത്

'ഐപിഎല്ലിലേക്ക് പോകൂ!'; സഞ്ജുവിന്‍റെ ക്യാച്ചില്‍ അമ്പയര്‍മാരെ പഴിച്ച് അഫ്രീദി
dot image

പാകിസ്താനെതിരെയുള്ള ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക് ഓപ്പണർ ഫഖർ സമാനെ പുറത്താക്കിയ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ ക്യാച്ചിനെ കുറിച്ചുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നിരവധി പാക് താരങ്ങൾ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദമായ ക്യാച്ചിൽ ഔട്ട് വിധിച്ച അംപയർമാരെ പഴിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം ഷാഹിദ് അഫ്രീദി.

പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമാണ് അംപയർമാർ സ്വീകരിച്ചതെന്നാണ് അഫ്രീദി പറയുന്നത്. വിവാദത്തിലേക്ക് ഐപിഎല്ലിനെ വലിച്ചിഴച്ചാണ് അഫ്രീദി സംസാരിച്ചത്. ഇന്ത്യയോട് പക്ഷാപാതപരമായ നടപടികളെടുത്ത അമ്പയർമാർ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അമ്പയറിങ് ചെയ്യാൻ പോകണമെന്നും അഫ്രീദി തുറന്നടിച്ചു.

ഇന്ത്യയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഓപ്പണർ ഫഖർ സമാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒമ്പത് പന്ത് നേരിട്ട നിന്ന് താരം 15 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഫഖറിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.

ഫഖർ സമാനെ പുറത്താക്കിയ സഞ്ജു സാംസണിന്റെ ബ്രില്ല്യന്റ് ക്യാച്ച് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഹാർദിക്കിന്റെ സ്ലോ ബോളിൽ എഡ്ജായ ഫഖറിനെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കെെയിലൊതുക്കുകയായിരുന്നു. ഓൺഫീൽഡ് അംപയർ തീരുമാനം തേർഡ് അംപയർക്ക് കെെമാറി. തേർഡ് അംപയറുടെ പരിശോധനയിൽ ഇത് ഔട്ട് വിധിക്കുകയായിരുന്നു.

ഈ തീരുമാനമാണ് വലിയ വിവാദത്തിനു തിരികൊളുത്തിയത്. തേർഡ് അംപയറുടെ തീരുമാനത്തെ മെെതാനത്ത് വെച്ച് തന്നെ ചോദ്യം ചെയ്താണ് ഫഖർ സമാൻ മടങ്ങിയത്. വേണ്ടത്ര പരിശോധന നടത്താതെയാണ് തേർഡ് അംപയർ വിക്കറ്റ് തീരുമാനിച്ചതെന്ന ആരോപണമാണ് ഇപ്പോൾ പാകിസ്താൻ ആരാധകർ ഉയർത്തുന്നത്. സഞ്ജു സാംസണിന്റെ ഗ്ലൗവിനുള്ളിലേക്ക് പന്ത് വീഴുന്നതായാണ് റീപ്ലേയിൽ കാണുന്നത്. എന്നാൽ ഇതിന് മുമ്പ് പന്ത് നിലത്ത് തട്ടുന്നുണ്ടോയെന്ന സംശയം കമന്റേറ്റർമാരടക്കം ഉയർത്തിക്കാട്ടിയിരുന്നു. ഈ വിക്കറ്റുമായി ബന്ധപ്പെട്ട് ചർച്ചകളും വിവാദങ്ങളും ഉയർന്നു. പന്ത് തറയിൽ തൊട്ടു എന്നാണ് ഒരു വിഭാഗം ഉയർത്തുന്ന വാദം.

Content Highlights: They need the IPL job: Shahid Afridi slams umpire for Fakhar Zaman dismissal vs India

dot image
To advertise here,contact us
dot image