
തിരുവല്ല: ഗാസയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി മലങ്കര മാര്‍ത്തോമ്മാ സഭ. ഗാസയിലെ സംഘര്‍ഷത്തിന് അയവ് വരുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനുമായി മാര്‍ത്തോമ്മാ സഭയുടെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ ഞായറാഴ്‌ച ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തിയത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണമെന്നും സഭ വ്യക്തമാക്കി.
തുടർച്ചയായ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേൽ പിൻമാറാതെ കടുത്ത രീതിയിലുള്ള കര, വ്യോമാക്രമണങ്ങൾ തുടരുകയാണ്. 75-ലധികം ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പതിനായിരങ്ങൾ പലായനം ചെയ്‌തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏകദേശം 65,000-ത്തിലധികം പേർ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. അവിടുത്തെ ആശുപത്രികളിൽ അവശ്യം വേണ്ട മരുന്നുകളില്ല. ഭക്ഷണവും മരുന്നുകളും അവിടെ എത്തിക്കുവാൻ മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ സംഘടനകളും കാത്തുകിടക്കുന്നുവെങ്കിലും അവരെ ആ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. പത്ത് ലക്ഷത്തോളമുള്ള ഗാസയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം പലായനം ചെയ്തു കഴിഞ്ഞു. ഹമാസ് ഇസ്രായേലിൽ കടന്നു കയറി ആയിരത്തിലധികം ആളുകളെ കൊലപ്പെടുത്തിയതിൻ്റെ പ്രതികാര നടപടിയായി ഇസ്രായേൽ ആരംഭിച്ച സംഘർഷം ഇപ്പോൾ അതിരു കടന്ന ക്രൂരതയായി മാറിയിരിക്കുന്നു.
ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്ന് യുഎൻ അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പലസ്തീനിലെ ജനതയെ ഒന്നാകെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായും ഇസ്രയേലിൻ്റെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കാണെന്ന് യുഎന്നിന്റെ പലസ്തീൻ അന്വേഷണ കമ്മീഷൻ പ്രസ്താവിക്കുന്ന സ്ഥിതി വിശേഷം പോലും ഉണ്ടായി. ആ പ്രദേശത്ത് ദീർഘനാളുകളായി നിലനിൽക്കുന്ന ദുരിതം അവസാനിക്കാൻ അധികൃതരും സഭാ സമൂഹങ്ങളും ശബ്ദമുയർത്തണമെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായും ശതമാനം ജനങ്ങളും സമാധാനം പുലരാനും എല്ലാവരും പ്രാർത്ഥിക്കണമെന്നും സഭ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.
Content Highlights: The Malankara Marthoma Church held a special prayer for Gaza