ടെക്കികൾക്ക് വിനയാകുമ്പോൾ ഡോക്ടർമാർക്ക് തലോടൽ? H1B ഫീസിൽ ഇളവ് നൽകുന്നത് പരിഗണനയിലെന്ന് സൂചന

ദേശീയ താത്പര്യത്തിന്റെ ഭാഗമായി വേണം ഈ തീരുമാനം കൈക്കൊള്ളാൻ എന്നാണ് ഉത്തരവിൽ ഉള്ളത്

ടെക്കികൾക്ക് വിനയാകുമ്പോൾ ഡോക്ടർമാർക്ക് തലോടൽ? H1B ഫീസിൽ ഇളവ് നൽകുന്നത് പരിഗണനയിലെന്ന് സൂചന
dot image

ഇന്ത്യക്കാർക്ക് ഇരുട്ടടി നൽകിയ ഒന്നായിരുന്നു H1B വിസ ഫീസ് ഉയർത്തിയ ട്രംപിന്റെ പ്രഖ്യാപനം. ഒരു ഒരു ലക്ഷം ഡോളര്‍ ആയാണ് ട്രംപ് വിസ ഫീസ് ഉയർത്തിയത്. അമേരിക്കൻ ടെക്ക് മേഖലയിൽ ഇന്ത്യൻ വംശജർ ധാരാളമായി ജോലി ചെയ്യുന്നതിനാൽ ഇന്ത്യൻ ടെക്കികളെ ഈ തീരുമാനം ചെറുതായൊന്നുമല്ല ബാധിക്കുക. അമേരിക്കൻ കമ്പനികൾ പുതിയ ഉദ്യോഗാർത്ഥികളെ സ്പോൺസർ ചെയ്യാൻ മടിക്കുകയും അത് അമേരിക്കൻ സ്വപ്നം കൊണ്ടുനടക്കുന്ന നിരവധി ഇന്ത്യക്കാരെ ബാധിക്കുകയും ചെയ്യുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇതിനിടയിൽ അല്പം ആശ്വാസമാകുന്ന ഒരു വാർത്ത വന്നിരിക്കുകയാണ്.

H1B വിസ ഫീസ് വിഷയത്തിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സ് ആണ് ബ്ലൂംബെർഗ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആഴ്ച ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡറിൽ ആവശ്യമെങ്കിൽ മാത്രം ചില വിഭാഗങ്ങളെ ഒഴിവാക്കാവുന്നതാണ് എന്ന നിബന്ധയുണ്ട്. ദേശീയ താത്പര്യത്തിന്റെ ഭാഗമായി വേണം ഈ തീരുമാനം കൈക്കൊള്ളാൻ എന്നാണ് ഉത്തരവിൽ ഉള്ളത്.

H1B വിസ ഫീസ് വിഷയത്തിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കയുടെ ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ രൂക്ഷമായ ക്ഷാമം ഉണ്ടെന്ന് ചില സംഘടനകൾ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ടെയ്‌ലർ റോജേഴ്സിന്റെ ഈ അഭിപ്രായപ്രകടനം ഉണ്ടാകുന്നത്. പുതിയ വിസ നിയമം പ്രതിഭാധനരായ ആരോഗ്യപ്രവർത്തകരുടെ വരവ് തടഞ്ഞേക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

H1B വിസ ഫീസ് ഉയർത്തിയതിന് ഉദ്ദേശമെന്ത്?

ഉയര്‍ന്ന വരുമാനമുള്ളവരെയും പണക്കാരെയും രാജ്യത്തേക്ക് എത്തിക്കുകയാണ് ഫീസ് ഉയര്‍ത്തിയതിന്റെ പ്രധാന ഉദ്ദേശം. കുറഞ്ഞ ഫീസ് ചുമത്തിയിരുന്നതിനാല്‍ അമേരിക്കയിലെ പല ചെറിയ തസ്തികകളില്‍ പോലും തദ്ദേശീയര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടാകാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് ഫീസ് വര്‍ധന പ്രഖ്യാപനം നടത്തിയ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞു.

നിലവില്‍ ഈടാക്കുന്ന വെറ്റിങ് ചാര്‍ജുകള്‍ക്ക് പുറമെയാണ് ഈ ഫീസും ഈടാക്കുക. വിസ പുതുക്കുവാനും ഇതേ തുക നല്‍കേണ്ടതായുണ്ട്. ഫീസ് മുന്‍കൂറായി ഈടാക്കണോ, അതോ വാര്‍ഷിക തലത്തില്‍ കൈപ്പറ്റണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ശമ്പളമോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ എല്ലാവര്‍ക്കും ഫീസ് ബാധകമാണ്. പരിശീലനത്തിനും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുമായി രാജ്യത്തെത്തുന്ന പരിചയക്കുറവുള്ള വിദേശീയരുടെ കടന്നുവരവ് ഇതോടെ നിലയ്ക്കുമെന്നാണ് ട്രംപ് ഭരണകൂടം കരുതുന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികളെ ഈ മാറ്റം പ്രതികൂലമായി ബാധിക്കും. മുന്‍പ് ക്ലയ്ന്റ് പ്രോജക്ടുകള്‍ക്കും പരിശീലനങ്ങള്‍ക്കുമെല്ലാമായി നിരവധിയാളുകളെ ഈ കമ്പനികള്‍ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു.

Content Highlights: DOCTORS LIKELY TO GET EXEMPTED FROM H1B VISA FEES INCREASE

dot image
To advertise here,contact us
dot image