
ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ വാനോളം പുകഴ്ത്തി മുന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിങ്ങിന്റെ ലെഗസി പിന്തുടരാന്‍ സാധിക്കുന്ന താരമെന്നാണ് അഭിഷേകിനെ അശ്വിന്‍ വിശേഷിപ്പിക്കുന്നത്. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ താരത്തിന്‍റെ മികച്ച പ്രകടത്തിന് പിന്നാലെയാണ് അശ്വിന്റെ പ്രതികരണം.
'ഇത് അഭിഷേക് ശര്‍മയുടെ വരവല്ല. ഇതൊരു തുടക്കം മാത്രമാണെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. അഭിഷേക് തുടങ്ങിയിട്ടേയുള്ളൂ. ഒരു വലിയ ഭാവിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. അദ്ദേഹം ക്രിക്കറ്റ് ലോകത്തെ മാറ്റിമറിക്കാന്‍ പോവുകയാണ്', അശ്വിന്‍ പറഞ്ഞു.
'ഞാന്‍ പറയുന്നത് കുറിച്ചുവെച്ചോളൂ. യുവരാജ് സിംഗ് ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച താരമായി മാറിയതുപോലെ അഭിഷേകിന് സാധിക്കും. അദ്ദേഹത്തിന് വളരെയധികം കഴിവുകളുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബാറ്ററായി ഉയരാന്‍ അഭിഷേകിന് അനായാസം സാധിക്കും. യുവരാജിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ കരുതുന്നു. അഭിഷേക് ഒരു അസാധാരണ പ്രതിഭയാണ്', അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്താനെതിരായ മത്സരത്തില്‍ 39 പന്തില്‍ നിന്നും ആറ് ഫോറും അഞ്ച് സിക്സറുമടക്കം 74 റണ്‍സാണ് അഭിഷേക് ശര്‍മ അടിച്ചുക്കൂട്ടിയത്. മത്സരത്തില്‍ ഇന്ത്യ അനായാസം വിജയിക്കുകയും ചെയ്തു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും ഗില്ലിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്.
Content Highlights: 'Abhishek Sharma will carry Yuvraj Singh’s legacy forward', Says R Ashwin