ആ 'L' സെലിബ്രേഷന്റെ അര്‍ത്ഥമെന്താണ്? ഒടുവില്‍ വെളിപ്പെടുത്തലുമായി അഭിഷേക് ശര്‍മ

പാകിസ്താനെതിരായ മത്സരത്തില്‍ ഫിഫ്റ്റിയടിച്ചതിന് പിന്നാലെ അഭിഷേക് ശര്‍മയുടെ സെലിബ്രേഷന്‍ വൈറലായിരുന്നു

ആ 'L' സെലിബ്രേഷന്റെ അര്‍ത്ഥമെന്താണ്? ഒടുവില്‍ വെളിപ്പെടുത്തലുമായി അഭിഷേക് ശര്‍മ
dot image

പാകിസ്താനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് യുവഓപ്പണര്‍ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. അര്‍ധ സെഞ്ച്വറി നേടിയ താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 39 പന്തില്‍ അഞ്ച് സിക്‌സറുകളും ആറ് ബൗണ്ടറികളും സഹിതം 74 റണ്‍സാണ് അഭിഷേക് പാകിസ്താനെതിരെ അടിച്ചെടുത്തത്.

നിര്‍ണായക മത്സരത്തില്‍ 24 പന്തുകളിലാണ് അഭിഷേക് 50 റണ്‍സെടുത്തത്. ഇതിന് പിന്നാലെ അഭിഷേക് ശര്‍മയുടെ സെലിബ്രേഷനും വൈറലായിരുന്നു. ഗ്ലൗസ് അഴിച്ച് കൈവിരലുകള്‍ കൊണ്ട് ഇംഗ്ലീഷ് അക്ഷരം 'L' എന്ന് വായുവിലുയര്‍ത്തിയാണ് അഭിഷേക് തന്റെ അര്‍ധ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. ഇപ്പോഴിതാ ഈ സെലിബ്രേഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ താരം.

'അത് സ്‌നേഹത്തെയാണ് അര്‍ത്ഥമാക്കുന്നത്. ഗ്ലവ് ലവ് ആണ് അത്. നമ്മളെ പിന്തുണയ്ക്കാന്‍ വന്ന ആരാധകരോടും ടീം ഇന്ത്യയോടുമുള്ള സ്‌നേഹം. എന്നുവച്ചാല്‍ എല്ലാം ഇന്ത്യയ്ക്ക് വേണ്ടിയാണ്', അഭിഷേക് ശര്‍മ തുറന്നുപറഞ്ഞു.

അതേസമയം മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വ‌ന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്. ഗിൽ 28 പന്തിൽ 47 റൺസും അഭിഷേക് 39 പന്തിൽ നിന്നും 74 റൺസും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ.

Content Highlights: Abhishek Sharma Reveals Secret Behind 'L' Celebration After hitting Fifty against Pakistan

dot image
To advertise here,contact us
dot image