നടനെന്ന നിലയിൽ രാജ്യം അംഗീകരിച്ചത് വലിയ കാര്യം, ഇത്രയും നാൾ സിനിമയിൽ തുടരാൻ കാരണം പ്രേക്ഷകർ: വിജയരാഘവൻ

'ഇന്ന് അവാർഡ് കിട്ടിയതുകൊണ്ട് ഞാൻ ഒരു മഹാനടൻ ആണെന്നോ ഇന്നലെ വരെ കിട്ടാതിരുന്നത് കൊണ്ട് ഞാൻ ഒരു മോശം നടൻ ആണെന്നോ ഞാൻ കരുതുന്നില്ല'

നടനെന്ന നിലയിൽ രാജ്യം അംഗീകരിച്ചത് വലിയ കാര്യം, ഇത്രയും നാൾ സിനിമയിൽ തുടരാൻ കാരണം പ്രേക്ഷകർ: വിജയരാഘവൻ
dot image

71-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സഹനടനുള്ള പുരസ്‌കാരം മലയാളത്തിന്റെ വിജയരാഘവൻ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ അവാർഡ് സ്വീകരിക്കാൻ ഡൽഹിയിലെത്തിയ വേളയിൽ റിപ്പോർട്ടറിനോട് മനസുതുറക്കുകയാണ് അദ്ദേഹം. അവാർഡ് കിട്ടിയതുകൊണ്ട് താൻ ഒരു മഹാനടൻ ആണെന്നോ ഇന്നലെ വരെ കിട്ടാതിരുന്നത് കൊണ്ട് താൻ ഒരു മോശം നടൻ ആണെന്നോ കരുതുന്നില്ല എന്ന് വിജയരാഘവൻ പറഞ്ഞു. ഈ അവാർഡ് അച്ഛനും പ്രേക്ഷകർക്കും സമർപ്പിക്കുന്നെന്നും വിജയരാഘവൻ പറഞ്ഞു.

'ഒരു നടനെ സംബന്ധിച്ച് രാജ്യം അംഗീകരിക്കുന്നു എന്നത് വലിയ കാര്യമാണ്. പണ്ട് ചില പടങ്ങൾക്കൊക്കെ അവാർഡ് കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു പിന്നീട് ഒന്നും അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. നടനായതിന്റെ എല്ലാ ക്രെഡിറ്റും അച്ഛനാണ്. 43 വർഷം വലിയ കോട്ടങ്ങൾ ഒന്നുമില്ലാതെ ഇൻഡസ്ട്രിയിൽ നിലനിൽക്കാനായത് പ്രേക്ഷകർക്ക് നമ്മളെ ഇഷ്ടമായത് കൊണ്ടാണ്. ഒരു 100 വയസ്സുള്ള കഥാപാത്രത്തെ എന്നെകൊണ്ട് ചെയ്യിപ്പിക്കാം എന്ന തോന്നൽ ആണ് എനിക്കുള്ള അവാർഡ്. ഇന്ന് അവാർഡ് കിട്ടിയതുകൊണ്ട് ഞാൻ ഒരു മഹാനടൻ ആണെന്നോ ഇന്നലെ വരെ കിട്ടാതിരുന്നത് കൊണ്ട് ഞാൻ ഒരു മോശം നടൻ ആണെന്നോ ഞാൻ കരുതുന്നില്ല' വിജയരാഘവന്റെ വാക്കുകൾ.

പൂക്കാലം എന്ന സിനിമയിൽ 100 വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് വിജയരാഘവന് പുരസ്‌കാരം ലഭിച്ചത്. 'ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പൂക്കാലം. 'ആനന്ദ'ത്തിന്‍റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്‍റേയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സച്ചിന്‍ വാര്യരാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അബു സലീം, റോഷൻ മാത്യു, സുഹാസിനി തുടങ്ങി അഭിനേതാക്കളുടെ ഒരു നിര തന്നെ സിനിമയിലുണ്ട്.

Content Highlights: Vijayaraghavan about national awards

dot image
To advertise here,contact us
dot image