
അഡൂർ: ഭക്തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. എന്നാൽ ഇക്കാര്യത്തിൽ ആർഎസ്എസുകാർ എട്ടാം ക്ലാസിൽ എട്ടുതവണ തോറ്റവരാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് ആഗോള അയ്യപ്പസംഗമം നടത്തിയപ്പോൾ പിണറായി വിജയന് ഭക്തിയുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്. എകെജിയും കൃഷ്ണപിള്ളയും സമരം ചെയ്താണ് ഗുരുവായൂർ അമ്പലത്തിൽ ശ്രീകൃഷ്ണന്റെ അടുത്തു നിന്ന് തൊഴാൻ പാവപ്പെട്ട ഭക്തർക്ക് സൗകര്യമുണ്ടാക്കിയത്. എകെജിക്കും കൃഷ്ണപിള്ളയ്ക്കും ഭക്തിയുണ്ടോയെന്ന് അന്നും ചോദ്യമുയർന്നിരുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിന്റെ വേദിയിലേക്ക് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ എത്തിയതിൽ ദുരുദ്ദേശ്യപരമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പത്തനംതിട്ടയിൽ നിന്ന് കാറിൽ പുറപ്പെടുമ്പോൾ അവിടെയുണ്ടായിരുന്ന വെള്ളാപ്പള്ളിയെ കാറിൽ കയറ്റാതെ അകറ്റേണ്ട കാര്യമുണ്ടോയെന്നും ജയരാജൻ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പ ഭക്തനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റുകാർ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തന്മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആദർശത്തിനായി നിരീശ്വരവാദം പറയുമെങ്കിലും അയ്യപ്പനെ കാണാനെത്തുന്ന 90 ശതമാനം പേരും മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റുകാരാണ്. ഇവർക്കെല്ലാം മനസിൽ ഭക്തിയുണ്ട്. പണ്ട് എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അങ്ങനെയല്ല. പിണറായി തന്നെ രണ്ടുതവണ ഇവിടെ വന്നിട്ടുണ്ട്. ഭക്തനല്ലെങ്കിൽ അദ്ദേഹം വരുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
പമ്പയിലെ ആഗോള അയ്യപ്പ സംഗമവേദിയിലേക്ക് പിണറായി വിജയന്റെ കാറിൽ എത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പിണറായിയെ തനിക്ക് ഏറെ ഇഷ്ടമാണ് എന്നായിരുന്നു വെള്ളാപ്പള്ളി പ്രതികരിച്ചത്. 'നേരത്തെയും അദ്ദേഹത്തെ കൈ കൊടുത്ത് പൊക്കിക്കൊണ്ട് നടന്നിട്ടില്ലേ? അദ്ദേഹം എന്നെയും പൊക്കിക്കൊണ്ട് നടന്നിട്ടില്ലേ? എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അടുത്ത തവണയും അദ്ദേഹം തന്നെയാകും മുഖ്യമന്ത്രി. വേറെ ആരെങ്കിലും മുഖ്യമന്ത്രിയാകുന്നതുകൊണ്ട് കാര്യമില്ല. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള ഏകയോഗ്യൻ അദ്ദേഹം മാത്രമാണ്. എല്ലാവരെയും കൊണ്ടുനടക്കാനുള്ള കഴിവും എല്ലാവരെയും മെരുക്കികൊണ്ടുപോകാനുള്ള ശക്തിയും ഇന്ന് പിണറായിക്കുള്ളതുപോലെ മറ്റാർക്കും ഇല്ല' വെള്ളാപ്പള്ളി പറഞ്ഞു.
Content Highlights: mv jayarajan says CPIM have PhD in devotion