സ്വപ്‌നനേട്ടത്തിനരികെ സഞ്ജു; കരിയറിലെ നാഴികക്കല്ലിലേക്ക് 83 റണ്‍സ് ദൂരം

ടി20യില്‍ ഒരു നിര്‍ണായക നാഴികകല്ലിന് അരികെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍

സ്വപ്‌നനേട്ടത്തിനരികെ സഞ്ജു; കരിയറിലെ നാഴികക്കല്ലിലേക്ക് 83 റണ്‍സ് ദൂരം
dot image

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. നിര്‍ണായക പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുമ്പോള്‍ എല്ലാ കണ്ണുകളും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ്.

ഒമാനെതിരെ നടന്ന കഴിഞ്ഞ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വണ്‍ഡൗണായി ഇറങ്ങിയ സഞ്ജു സാംസണ്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി തികച്ച് തിളങ്ങിയിരുന്നു. ഒമാനെതിരായ മത്സരത്തില്‍ 45 പന്തില്‍ 56 റണ്‍സാണ് സഞ്ജു നേടിയത്. കളിയിലെ താരവും സഞ്ജുവായിരുന്നു. ഒമാനെതിരായ മികച്ച ബാറ്റിങ് പ്രകടനം പാകിസ്താനെതിരെയും സഞ്ജുവിന് തുടരാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പാകിസ്താനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താല്‍ മറ്റൊരു റെക്കോര്‍ഡ് കുറിക്കാനുള്ള സുവര്‍ണാവസരവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ടി20യില്‍ ഒരു നിര്‍ണായക നാഴികകല്ലിന് അരികെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ടി20യില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ലിലെത്താന്‍ സഞ്ജുവിന് ഇനി 83 റണ്‍സ് മതി. ഇതിന് മുമ്പ് 11 ഇന്ത്യന്‍ ബാറ്റര്‍മാരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

എന്നാല്‍ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത് അതിനാല്‍ സഞ്ജുവിന് അധികം പന്തുകള്‍ നേരിടാന്‍ ലഭിക്കുമോയെന്നതിലാണ് സംശയം. എന്നാല്‍ ഒമാനെതിരെ മൂന്നാം നമ്പറില്‍ തിളങ്ങിയ സഞ്ജുവിനെ ആ സ്ഥാനത്ത് നിലനിര്‍ത്താന്‍ സൂര്യകുമാര്‍ യാദവ് തീരുമാനിച്ചാല്‍ റെക്കോര്‍ഡ് തികയ്ക്കാനുള്ള സുവര്‍ണാവസരം സഞ്ജുവിനെ തേടിയെത്തു.. ഇനി പാകിസ്താനെതിരായ മത്സരത്തില്‍ തിളങ്ങാനോ മികച്ച പ്രകടനം കാഴ്ചവയ്ക്കാനോ സാധിച്ചില്ലെങ്കില്‍ പോലും ടി20യില്‍ ആയിരം റണ്‍സെന്ന നേട്ടം സ്വന്തമാക്കാന്‍ ഈ ഏഷ്യാ കപ്പില്‍ തന്നെ സഞ്ജുവിന് അവസരങ്ങളുണ്ട്.

Content Highlights: Asia Cup 2025, IND vs PAK: Sanju Samson eyes new milestone ​​in T20 Cricket

dot image
To advertise here,contact us
dot image