'ഇനി ഫാല്‍ക്കേ അവാര്‍ഡിനും പത്മഭൂഷണിനും 100 % അര്‍ഹനായ നടന്‍ മമ്മൂക്കയാണ്'; സംവിധായകന്‍ സാജിദ് യഹിയ

'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് സാജിദ് യഹിയ

'ഇനി ഫാല്‍ക്കേ അവാര്‍ഡിനും പത്മഭൂഷണിനും 100 % അര്‍ഹനായ നടന്‍ മമ്മൂക്കയാണ്'; സംവിധായകന്‍ സാജിദ് യഹിയ
dot image

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ് മോഹന്‍ലാല്‍. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ശേഷം മലയാള സിനിമയില്‍ നിന്നും ഈ പുരസ്‌കാരം സ്വന്തമാക്കുന്ന താരം കൂടിയാണ് മോഹന്‍ലാല്‍.

മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതില്‍ നിരവധി പേര്‍ ആശംസകളും അഭിനന്ദനങ്ങളുമായി എത്തിച്ചേര്‍ന്നിരുന്നു. അതേസമയം, മമ്മൂട്ടിയെ ഫാല്‍ക്കേ അവാര്‍ഡിന് പരിഗണിക്കാമായിരുന്നു എന്ന നിര്‍ദേശവും പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. സീനിയോരിറ്റിയും മലയാള സിനിമയില്‍ മോഹന്‍ലാലിനൊപ്പം തന്നെയുള്ള മമ്മൂട്ടിയുടെ സ്ഥാനവും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.

മമ്മൂട്ടിയുടെ പേര് പത്മഭൂഷണായി പല തവണ സംസ്ഥാനം സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നതും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ക്കിടെ സംവിധായകന്‍ സാജിദ് യഹിയ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പാണ് കൂടുതല്‍ ചര്‍ച്ചയായിരിക്കുന്നത്.

'ഇനി ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡിനും പത്മഭൂഷണിനും 100% അര്‍ഹനായ ആയ ഒരേയൊരു നടന്‍ നമ്മുടെ മമ്മൂക്കയാണ്. വരും വര്‍ഷങ്ങളില്‍ ആ ബഹുമതികള്‍ അദ്ദേഹത്തെ തേടി വരട്ടെ… ' എന്നാണ് സാജിദ് യഹിയ കുറിച്ചത്.

മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ 'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് സാജിദ് യഹിയ. കടുത്ത മോഹന്‍ലാല്‍ ആരാധികയായ ഒരാളുടെ ജീവിതത്തിലൂടെയായിരുന്നു ഈ ചിത്രം കഥ പറഞ്ഞത്.

Sajid Yahiya

അതേസമയം, മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ അഭിനന്ദനങ്ങളുമായി മമ്മൂട്ടി രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി താങ്കള്‍ എന്റെ സഹോദരനാണ്, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന കലാകാരനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയെ ശ്വസിക്കുകയും സിനിമയില്‍ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്. ലാല്‍, നിങ്ങളെ കുറിച്ചോര്‍ത്ത് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ കിരീടം നിങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്,' മമ്മൂട്ടി കുറിച്ചു.

Also Read:

ഫാല്‍ക്കേ അവാര്‍ഡ് എന്നെ ഞാനാക്കി മാറ്റിയ എല്ലാവര്‍ക്കുമുള്ള പുരസ്‌കാരമാണെന്നാണ് മോഹന്‍ലാലിന്റെ പ്രതികരണം. പ്രേക്ഷകരോടും സഹപ്രവര്‍ത്തകരോടും സംവിധായകരോടും തിരക്കഥാകൃത്തുക്കളോടും മറ്റെല്ലാവരോടും നന്ദിയര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Mammootty and Mohanlal at a program

2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് മോഹൻലാലിന് ലഭിച്ചത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

Content Highlights: Director Sajid Yahiya says Mammootty is the next deserving person for Phalke award after Mohanlal's win

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us