ബഹിഷ്കരണം ഇനി തിരിച്ച്? വീഡിയോ പകർത്തിയതിന് പാകിസ്താനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റുമായുള്ള ഒരു സംഭാഷണത്തിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം പാകിസ്താന്‍ പുറത്ത് വിട്ടിരുന്നു

ബഹിഷ്കരണം ഇനി തിരിച്ച്? വീഡിയോ പകർത്തിയതിന് പാകിസ്താനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
dot image

ഏഷ്യാ കപ്പിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ ഐസിസി കടുത്ത നടപടിക്ക് ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. ടൂർണമെന്റിനിടെ പാകിസ്താന്‍ ഒന്നിലധികം ചട്ടലംഘനങ്ങൾ‌ നടത്തിയെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. ഐസിസി സാഹചര്യങ്ങൾ നീരീക്ഷിച്ച് വരികയാണെന്നും പാക് ടീമിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐസിസി സിഇഒ സൻജോഗ് ഗുപ്ത പാക് ക്രിക്കറ്റ് ബോര്‍ഡിനോട് വിശദീകരണം തേടി ഇ മെയില്‍ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. യുഎഇക്കെതിരായ മത്സരത്തിന് മുൻപ് നിയന്ത്രിത മേഖലയില്‍ വീഡിയോ ചിത്രീകരിച്ചതും മത്സരം വൈകിപ്പിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇ മെയില്‍.

കഴിഞ്ഞ ദിവസം മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റുമായുള്ള ഒരു സംഭാഷണത്തിന്റെ ഒരു വീഡിയോ പാകിസ്താന്‍ പുറത്ത് വിട്ടിരുന്നു. ഇന്ത്യ – പാകിസ്താന്‍ മത്സരത്തിലെ കൈകൊടുക്കല്‍ വിവാദത്തിൽ തെറ്റായ ആശയവിനിമയം നടത്തിയതിന് പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞുവെന്ന് പറഞ്ഞായിരുന്നു വീഡിയോ. പാക് ക്രിക്കറ്റ് കോച്ചും ക്യാപ്റ്റനുമായി പൈക്രോഫ്റ്റ് നടത്തിയ ചർച്ച പാക് ടീമിന്റെ മീഡിയാ മാനേജർ വീഡിയോയിൽ പകർത്തുകയായിരുന്നു. ഇതും നിയമത്തിനെതിരാണ്. ഇതിന് പിന്നാലെയാണ് പാക് ടീമിനെതിരെ ഐസിസി നടപടിക്ക് ഒരുങ്ങുന്നത്.

നാടകീയതകൾക്കൊടുവിൽ ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഒരു മണിക്കൂര്‍ വൈകിയാണ് ബുധനാഴ്ച പാകിസ്താന്‍ - യുഎഇ മത്സരം ആരംഭിച്ചത്. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ ഹസ്തദാന വിവാദം പാകിസ്താന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പാക് നായകന്‍ സല്‍മാന്‍ അലി ആഗയ്ക്ക് കൈകൊടുത്തിരുന്നില്ല. മത്സരത്തിന് ശേഷവും ഇരു ടീമിലേയും താരങ്ങള്‍ തമ്മില്‍ പതിവ് ഹസ്തദാനം നടത്താതെ പിരിയുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നായകന്‍ കൈകൊടുക്കാന്‍ ശ്രമിക്കരുതെന്ന് സല്‍മാൻ ആ​ഗയോട് ആന്‍ഡി പൈക്രോഫ്റ്റ് നിര്‍ദേശിച്ചിരുന്നുവെന്നാണ് പിസിബി ആരോപിക്കുന്നത്.

ഇന്ത്യയുടെ പക്ഷം ചേര്‍ന്നാണ് മാച്ച് റഫറി പെരുമാറിയതെന്നും ഇത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്നും പാകിസ്താൻ ആരോപിച്ചിരുന്നു. പിന്നാലെ പൈക്രോഫ്റ്റിനെ ഏഷ്യ കപ്പ് റഫറി പാനലില്‍ നിന്ന് മാറ്റണമെന്നും അല്ലാത്ത പക്ഷം ടൂർണമെന്റിൽ‌ നിന്ന് പിന്മാറുമെന്നും ആവശ്യപ്പെട്ട് പിസിബി ഐസിസിക്ക് കത്ത് അയക്കുകയായിരുന്നു. എന്നാല്‍ പാകിസ്താന്റെ ആവശ്യങ്ങൾക്ക് ഐസിസി വഴങ്ങിയിരുന്നില്ല. പിന്നാലെയാണ് യുഎഇക്കെതിരായ മത്സരത്തിന് പാകിസ്താൻ ഇറങ്ങിയത്. ഈ സാഹചര്യത്തിലാണ് യുഎഇക്ക് എതിരായ മത്സരത്തിന് സമയമായിട്ടും പാക് ടീം ഹോട്ടലില്‍ തന്നെ തുടര്‍ന്നത്.

Content Highlights: ICC takes action against Pakistan, punishes PCB for multiple violations, including recording Andy Pycroft video

dot image
To advertise here,contact us
dot image