
ഏഷ്യ കപ്പിലെ കഴിഞ്ഞ ദിവസം നടന്ന ബ്ലോക്ബസ്റ്റർ പോരാട്ടത്തിൽ ഇന്ത്യ പാകിസ്താനെ ഏകപക്ഷീയമായി തോൽപ്പിച്ചിരുന്നു. മത്സരത്തിന് ശേഷം പാകിസ്താൻ താരങ്ങൾക്ക് ഇന്ത്യൻ കളിക്കാർ ഷേക്ക് ഹാൻഡ് നൽകാത്തത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. ഇത് സ്‌പോർട്‌സ്മാൻ സ്പിരിറ്റിനേക്കാൾ വലുതായ കാര്യമാണെന്നായിരുന്നു ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയത്. ടോസ് സമയത്തും സൂര്യകുമാർ യാദവ് പാകിസ്താൻ ക്യാപ്റ്റന് ഷേക്ക് ഹാൻഡ് നൽകിയിരുന്നില്ല.
അതേ സമയം ഇതിനെതിരെ പാകിസ്താൻ രംഗത്തെത്തി. ടോസ് സമയത്ത് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്നുമാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ വാദം.
അതുകൊണ്ട് തന്നെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ടൂർണമെന്റിന്റെ പാനലിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പാകിസ്താൻ പിന്മാറുമെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി മുന്നറിയിപ്പ് നൽകി. ഇന്ത്യയ്‌ക്കെതിരെ പിഴയടക്കം ചുമത്തണമെന്നും പാകിസ്താൻ വാദിച്ചു.
സംഭവത്തിൽ പാകിസ്താൻ പരിശീലകൻ മൈക്ക് ഹെസ്സൻ നിരാശ പ്രകടിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് ക്യാപ്റ്റൻ സൽമാൻ അലി ആഗ സമ്മാനദാന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോടും സേനയോടുമുള്ള ഇന്ത്യയുടെ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഹസ്തദാനത്തിൽ നിന്ന് വിട്ടുനിന്നതെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.
അതേ സമയം പാകിസ്താനുമായി ഹസ്തദാനം നിഷേധിച്ചത് ഇന്ത്യയ്ക്ക് പണിയാകുമോ എന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഐസിസി നിയമത്തിലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന ഭാഗത്തിലെ ആമുഖത്തിൽ പറയുന്ന പ്രകാരം എതിരാളികളുടെ വിജയത്തിൽ അഭിനന്ദിക്കുക, സ്വന്തം ടീമിന്റെ വിജയങ്ങൾ ആസ്വദിക്കുക, ഫലം എന്തുതന്നെയായാലും മത്സരത്തിന്റെ അവസാനം ഉദ്യോഗസ്ഥർക്കും നിങ്ങളുടെ എതിരാളിക്കും നന്ദി പറയുക, എന്നിവ പറയുന്നുണ്ട്. ഇവ ലംഘിക്കുന്നത് ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.1.1 പ്രകാരം ലെവൽ 1 കുറ്റകൃത്യമായി കണക്കിയിട്ടുണ്ട്.
ഔദ്യോഗികമായി യാതൊരു ശിക്ഷയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഹസ്തദാനം നിഷേധിക്കുന്നത് സാങ്കേതികമായി ഒരു നിയമലംഘനമായി കണക്കാക്കാമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും അത്തരം നിയമലംഘനങ്ങൾക്ക് ശിക്ഷ നൽകുകയാണെങ്കിൽ തന്നെ വളരെ കുറഞ്ഞ ശിക്ഷയാണ് നൽകാറുള്ളത്. മുന്നറിയിപ്പ് നൽകുകയോ ചെറിയ പിഴ നൽകുകയോ മാത്രമാകും ഏറ്റവും കൂടിയ പക്ഷം ഐസിസിയുടെ ഭഗത്ത് നിന്ന് ഉണ്ടാകുക.
Content Highlights:India to be penalised for no handshakes to pakistan Here’s ICC rules says