
ഏഷ്യ കപ്പിൽ ഒമാനെതിരെ യു എ ഇ യ്ക്ക് വേണ്ടി അർധ സെഞ്ച്വറി നേടി മലയാളിയായ 22 കാരൻ അലിഷാൻ ഷറഫു. 38 പന്തിൽ ഒരു സിക്‌സറും ഏഴ് ഫോറുകളും അടക്കം 51 റൺസാണ് ഷറഫു നേടിയത്.
ഷറഫുവിന്റെ മികവിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു എ ഇ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 ഓവറിൽ 89 റൺസ് നേടിയിട്ടുണ്ട്. മറ്റൊരു ഓപ്പണറായ മുഹമ്മദ് വസീം 33 പന്തിൽ 39 റൺസുമായി ക്രീസിലുണ്ട്.
കഴിഞ്ഞ മത്സരത്തിലും യു എ ഇ യ്ക്ക് വേണ്ടി ഷറഫു തിളങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ 17 പന്തിൽ 22 റൺസുമായി ടീമിന്റെ ടോപ് സ്കോററായിരുന്നു. ആ മത്സരത്തിൽ യു എ ഇ 13.1 ഓവറില്‍ 57 റണ്‍സിനു ഓള്‍ ഔട്ടായി. മറുപടി പറഞ്ഞ ഇന്ത്യ 4.3 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 60 റണ്‍സെടുത്താണ് വിജയിച്ചത്.
യുഎഇ അണ്ടർ 19 ടീമിന്റെ നായകനായിരുന്നു അലിഷാൻ ഷറഫു. ഈ വിഭാഗത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ യുഎഇ താരമെന്ന അപൂർവ നേട്ടവും അലിഷാനുണ്ട്. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റേയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടേയും മകനാണ് അലിഷാൻ ഷറഫു.
Content Highlights: malayali Sharafu scores a fifty for UAE against Oman in Asia Cup