
ദോഹയിൽ ഇസ്രയേൽ നടത്തിയ അതിക്രമങ്ങളിൽ പ്രതികരണവുമായി തുർക്കി പ്രസിഡന്റ് എർദോഗൻ. ലോകരാജ്യങ്ങൾ ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്താൻ തയ്യാറാകണമെന്നാണ് എർദോഗന്റെ വാക്കുകൾ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ സംഘടിപ്പിച്ച അറബ്, ഇസ്ലാമിക നേതാക്കളുടെ അടിയന്തര ഉച്ചകോടിയിലാണ് തുർക്കി പ്രസിഡന്റിന്റെ പ്രതികരണം.
'ഖത്തർ എന്നും തുർക്കിയുടെ സഹോദരരാജ്യവും സഖ്യകക്ഷിയുമാണ്. എന്നും ഖത്തറിനൊപ്പമാണ് തുർക്കി. തീവ്രവാദ മനോഭാവമുള്ള ഇസ്രായേലിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കണമെന്ന് തുർക്കി വിശ്വസിക്കുന്നു. ഇതിനായി ലോകരാജ്യങ്ങൾ ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്താൻ തയ്യാറാകണം,' എർദോഗൻ പ്രതികരിച്ചു.
'വർദ്ധിച്ചുവരുന്ന ഇസ്രായേൽ ആക്രമണം പലസ്തീൻ മേഖലയ്ക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നു. ഈ ഉച്ചകോടിയുടെ തീരുമാനങ്ങൾ മുഴുവൻ ലോകത്തെയും അഭിസംബോധന ചെയ്യുന്ന ഒരു രേഖാമൂലമുള്ള പ്രഖ്യാപനമായി വിവർത്തനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പലസ്തീൻ ജനതയ്‌ക്കെതിരായ കൂട്ടക്കൊലകൾ തുടരാനും മേഖലയെ കുഴപ്പത്തിലേക്ക് വലിച്ചിടാനുമാണ് നെതന്യാഹു സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായി,' എർദോഗൻ പ്രതികരിച്ചു.
'ഗ്രേറ്റർ ഇസ്രയേൽ എന്നറിയപ്പെടുന്നതിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇസ്രയേലി രാഷ്ട്രീയക്കാർ ആവർത്തിക്കുന്നു.' അന്താരാഷ്ട്ര നിയമ സംവിധാനങ്ങൾക്കനുസൃതമായി ഇസ്രയേലി ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കണമെന്നും തുർക്കി പ്രസിഡന്റ് എർദോഗൻ ഉച്ചകോടിയിൽ വ്യക്തമാക്കി.
സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. പിന്നാലെ ആറ് പേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് നിരവധി ലോകനേതാക്കൾ രംഗത്തെത്തുകയും ചെയ്തു.
Content Highlights: Turkish President Recep Tayyip Erdogan reacts in Arab, Muslim summit