'കഫേയില്‍ ഇരുന്നത് 4 മണിക്കൂര്‍, കോഹ്‌ലിയെയും അനുഷ്‌കയെയും ഇറക്കിവിട്ടു'; വെളിപ്പെടുത്തി വനിതാ താരം

'അനുഷ്‌കയും വിരാടും കൂടിയാണ് കഫേയിലേക്ക് വന്നത്'

'കഫേയില്‍ ഇരുന്നത് 4 മണിക്കൂര്‍, കോഹ്‌ലിയെയും അനുഷ്‌കയെയും ഇറക്കിവിട്ടു'; വെളിപ്പെടുത്തി വനിതാ താരം
dot image

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെയും ജീവിതപങ്കാളിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെയും കഫേയില്‍ നിന്ന് ഇറക്കിവിട്ടിട്ടുണ്ടെന്ന് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്. ന്യൂസിലാന്‍ഡിലെ കഫേയിലിരുന്ന മണിക്കൂറുകളോളം സംസാരിച്ചതിനാണ് താരദമ്പതികളെ ഇറക്കിവിട്ടതെന്നാണ് ജെമീമ പറയുന്നത്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനിടെ സംഭവിച്ച കാര്യമാണ് ജെമീമ ഇപ്പോള്‍ വെളിപ്പെടുത്തിയത്.

അടുത്തിടെ മഷബിള്‍ ഇന്ത്യയുടെ യൂട്യൂബ് ഹാന്‍ഡിലിലെ ദി ബോംബെ ജേര്‍ണിയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ജെമീമ തുറന്നുപറഞ്ഞത്. ന്യൂസിലാന്‍ഡ് പര്യടനത്തിനിടെ ഇന്ത്യയുടെ പുരുഷ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഒരേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ജെമീമയും സ്മൃതി മന്ദാനയും ബാറ്റിങ്ങിനെ കുറിച്ച് വിരാട് കോഹ്‌ലിയോട് സംസാരിക്കാന്‍ ആഗ്രഹിച്ചു. ഇക്കാര്യം കോഹ്‌ലിയോട് പറഞ്ഞപ്പോള്‍ ഒരു കഫെയിലേക്ക് കോഹ്‌ലി സംസാരിക്കുന്നതിനായി ക്ഷണിച്ചുവെന്നും ജെമീമ പറഞ്ഞു.

കഫേയിലെത്തിയപ്പോള്‍ വിരാടിനൊപ്പം അനുഷ്‌കയും ഉണ്ടായിരുന്നുവെന്നും ക്രിക്കറ്റിനെ കുറിച്ച് അരമണിക്കൂറോളം കോഹ്‌ലിയോട് സംസാരിച്ചുവെന്നും ജെമീമ പറഞ്ഞു. 'അനുഷ്‌കയും വിരാടും കൂടിയാണ് കഫേയിലേക്ക് വന്നത്. ആദ്യത്തെ അരമണിക്കൂര്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചു. പിന്നീടത് ജീവിതത്തെക്കുറിച്ചും പല വിഷയങ്ങളിലേക്കും തെന്നിമാറി. നാല് മണിക്കൂറോളം ആ സംസാരം നീണ്ടു. ഒരുപാട് കാലത്തിന് ശേഷം കണ്ട സുഹൃത്തുക്കളെ പോലെയായിരുന്നു സംസാരം. ഒടുവില്‍ കഫേയിലെ ജീവനക്കാര്‍ ഞങ്ങളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അതുകൊണ്ടാണ് നിര്‍ത്തിയത്', ജെമീമ പറഞ്ഞു.

Content Highlights: Virat Kohli and Anushka were once kicked out of New Zealand cafe, says Jemimah Rodrigues

dot image
To advertise here,contact us
dot image