
മലപ്പുറം: പി കെ ഫിറോസിന്റെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ഫിറോസിനെതിരെ കെ ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ഫിറോസ് സമ്മതിച്ച സാഹചര്യത്തില്‍ വരുമാന സ്രോതസുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
'ഫിറോസിന്റെ ബിസിനസ് ഇടപാടുകള്‍ ദുരൂഹമാണ്. ദുബായില്‍ സ്വന്തമായി ഓഫീസ് പോലുമില്ലാത്ത സ്ഥാപനത്തിന്റെ മറവിലെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ട്. എന്തിനാണ് ബിനാമി പേരില്‍ ബിസിനസ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ യാത്രകള്‍ പോലും ദുരൂഹമാണ്.' ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കെ ടി ജലീല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോഴാണ് ലീഗുകാര്‍ പോലും ഫിറോസ് ബിസിനസുകാരന്‍ ആണെന്ന വിവരം അറിയുന്നത് എന്നും സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു.
പി കെ ഫിറോസിന്റെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ചൂണ്ടിക്കാണിച്ച് കെ ടി ജലീൽ രംഗത്തെത്തിയിരുന്നു. പി കെ ഫിറോസ് റിവേഴ്സ് ഹവാലയാണ് നടത്തുന്നതെന്ന ആരോപണം കെടി ജലീല്‍ ഉന്നയിച്ചിരുന്നു. ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷ്റഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീല്‍ ആരോപിച്ചിരുന്നു. പി കെ ഫിറോസിന് അത് നിഷേധിക്കാനാവില്ലെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നുമായിരുന്നു ജലീൽ പറഞ്ഞത്.
ഉന്നാവോ, കത്വ പെണ്‍കുട്ടികളുടെ പേരില്‍ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചതെന്നും ഫിറോസിന്റെ സ്ഥാപനം ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിന് രൂപ സര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗള്‍ഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കൊപ്പത്തെ ഫ്രാഞ്ചൈസിക്ക് പുറമേ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന 'യമ്മി ഫ്രൈഡ് ചിക്കന്‍' എന്ന ഷോപ്പും പികെ ഫിറോസിന്റേതാണെന്ന് കെടി ജലീല്‍ ആരോപിച്ചിരുന്നു. ഹൈലൈറ്റ് മാളിലെ സ്ഥാപനത്തില്‍ ഒരു പങ്കാളിത്തവുമില്ലെങ്കില്‍ ഫിറോസ് അത് കണ്ണടച്ച് നിഷേധിക്കണമെന്നും അല്ലെങ്കില്‍ മറ്റൊരു ബിനാമിയെ മുന്നില്‍ നിര്‍ത്തി ഫിറോസ് നടത്തുന്നത് തന്നെയാണ് ആ സ്ഥാപനമെന്ന് നാട്ടുകാര്‍ ഉറപ്പിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു.
Content Highlight; CPIM demands thorough investigation into PK Firos's financial dealings