
'ഹൃദയപൂര്‍വ്വം' കണ്ടതിന്റെ അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി എന്‍ പ്രതാപന്‍. മോഹൻലാൽ ഒരു വിസ്മയമായി നമുക്കിടയിൽ തുടരുകയാണെന്നും ഈ സിനിമയുടെ എല്ലാമെല്ലാം അദ്ദേഹമാണെന്നും പറയുകയാണ് മുൻ എംപി. മോഹൻലാൽ ചിരിക്കുമ്പോൾ നമ്മുടെ മനസ്സ് വിശാലമാവുന്നത് നമ്മൾ അനുഭവിക്കുന്നുവെന്നും പ്രതാപൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് 'ഹൃദയപൂർവ്വ'ത്തെ ടി എൻ പ്രതാപൻ പ്രശംസിച്ചത്.
ടി എൻ പ്രതാപൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'കഴിഞ്ഞ ആഴ്ച്ച കുടുംബത്തോടൊപ്പം 'ഹൃദയപൂർവ്വം' കണ്ടിരുന്നു. കാഞ്ഞാണി ബ്രഹ്മകുളം തിയ്യേറ്ററിലായിരുന്നു ഈ മനോഹരമായ സിനിമ ആസ്വദിച്ചത്. കാലമെത്ര പോയാലും സത്യൻ അന്തിക്കാടിന്റെ സർഗ്ഗശേഷി അല്പം പോലും മങ്ങാതെ ഇവിടെ ഉണ്ടാവും എന്നതിന്റെ തെളിവാണ് ഈ സിനിമ.
ക്‌ളാസിക് സത്യൻ അന്തിക്കാട് സിനിമകളുടെ ഭൂപ്രകൃതിയും മനുഷ്യരും കാഴ്ചകളും ഈ സിനിമയിലില്ല. ഗൃഹാതുരമായ ഗ്രാമ്യസങ്കല്പങ്ങളില്ല. അന്തിക്കാടിന്റെ കോൾപാടങ്ങളും, തോടുകളും, ചിറകളും, അധ്വാനിക്കുന്ന മനുഷ്യരും, അവരുടെ മൂല്യ വിചാരങ്ങളും സത്യൻ അന്തിക്കാടിന്റെ എഴുത്തുകളെ, ദൃശ്യഭാവനകളെ അത്രമേൽ സ്വാധീനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന സിനിമകളാണ് നമ്മൾ പോയകാലത്ത് ഏറെയും കണ്ടത്.
എന്നാൽ ഈ സിനിമയുടെ ഭൂപ്രകൃതി നഗരത്തിന്റേതാണ്. മനുഷ്യരും സ്വാഭാവികമായും നഗരങ്ങളിലുള്ളവരാണ്. പക്ഷെ സത്യന്റെ അന്വേഷണം ഇപ്പോഴും മനുഷ്യരിലെ നന്മകളാണ്. പുതിയ കാലത്തിന്റെ കഥപറച്ചിലുകളുടെ വ്യവഹാര സങ്കൽപ്പങ്ങൾ ഉൾകൊള്ളാനും അതവതരിപ്പിക്കാനും പുതുതലമുറയിലെ ഒരു സംവിധായകനെ പോലെ സത്യൻ അന്തിക്കാടിന് കഴിയുന്നു, പ്രേക്ഷകർ അതേറ്റെടുക്കുന്നു എന്നാണ് ഈ ചിത്രത്തിന്റെ വിജയം പറയുന്നത്.
ഈ സിനിമയുടെ എല്ലാമെല്ലാം മോഹൻലാൽ തന്നെയാണ്. അറുപത്തിയഞ്ച് വയസ്സുള്ള ഒരു കലാകാരൻ അയാളുടെ അസാമാന്യ അഭിനയപാടവം കൊണ്ട്, അത്രമേൽ മനോഹരമായ മാനറിസം കൊണ്ട് പ്രേക്ഷകരെ എത്ര എളുപ്പത്തിലാണ് സിനിമയുടെ ലോകത്തേക്ക് വിളിച്ചു കൊണ്ടുപോകുന്നത്. 'ഹൃദയപൂർവ്വ'ത്തിൽ മോഹൻലാലിൻറെ ഓരോ ചെറിയ അനക്കങ്ങളിലും അടക്കങ്ങളിലും അയാളിലെ പ്രതിഭ പ്രശോഭിതമാവുന്നു. മോഹൻലാൽ ചിരിക്കുമ്പോൾ നമ്മുടെ മനസ്സ് വിശാലമാവുന്നത് നമ്മൾ അനുഭവിക്കുന്നു. ഹാസ്യ രംഗങ്ങളിൽ അനായാസമായി അയാൾ ഒഴുകി നടക്കുന്നു. സംഗീത് പ്രതാപിനെ പോലെ ഏറ്റവും പുതിയ തലമുറയിലെ കലാകാരന്മാർക്കൊപ്പവും ജഗതിയോടും ഇന്നസെന്റിനോടുമൊക്കെ മോഹൻലാൽ സാധ്യമാക്കിയിരുന്നു കെമിസ്ട്രി എളുപ്പത്തിൽ സ്ഥാപിച്ചെടുക്കുന്നു. നമ്മളവരുടെ കുസൃതികളിൽ, സംസാരങ്ങളിൽ വീണുപോകുന്നു, മതിമറന്ന് ചിരിക്കുന്നു.
മോഹൻലാൽ ഒരു വിസ്മയമായി നമുക്കിടയിൽ തുടരുകയാണ്. ഈ വർഷത്തെ മൂന്ന് മോഹൻലാൽ സിനിമകളും ഈ മലയാളം സിനിമ മേഖലയെ കച്ചവടപരമായും കലാപരമായും ഏറെ ഉയരങ്ങളിലേക്ക് നയിച്ചവയാണ്. എംപുരാൻ തുറന്ന ആഗോള മാർക്കറ്റ് മലയാള സിനിമയുടെ ഭാവുകത്വത്തെ തന്നെ സ്വാധീനിക്കും. 'തുടരും' സിനിമയിലെ മോഹൻലാൽ ഇപ്പോഴും നമ്മുടെ ഉള്ളിലുണ്ട്. അയാൾ ആ മഴകൊണ്ട് അവിടെ നിൽപ്പുണ്ട്. അയാളുടെ സ്നേഹവും നഷ്ടവും പ്രതികാരവും നമ്മെ പിടിച്ചുലക്കുന്നുണ്ട്.
'ഹൃദയപൂർവ്വം' സിനിമ എനിക്ക് തന്ന ഏറ്റവും വലിയ സന്ദേശം ഒരച്ഛൻ എന്ന നിലക്ക് എന്നെ വല്ലാതെ സ്വാധീനിച്ചു. മക്കളെ സ്നേഹിക്കുന്ന ഒരച്ഛന്റെ ഹൃദയത്തിൽ ആ മക്കളൊടുള്ള അയാളുടെ സ്നേഹം അയാളുടെ മരണശേഷവും ബാക്കിയാവും. അച്ഛനും മക്കളും തമ്മിലുള്ള സ്നേഹബന്ധം ഭൗതികമായ ജീവിതത്തിനുമപ്പുറം സ്ഥല-കാല സങ്കല്പങ്ങളെ പുനർനിർവ്വചിക്കുന്ന ആത്മീയമായ സത്യമാവുന്നു എന്നാണ് ഈ സിനിമ പറയുന്നത്.
ഭാര്യ രമയ്ക്കും, മക്കളായ ആഷിഖിനും ആൻസിക്കും അപർണ്ണയ്ക്കുമൊപ്പമാണ് 'ഹൃയപൂർവ്വം' കണ്ടത്. മാളവിക മോഹൻ അവതരിപ്പിച്ച ഹരിത മോഹൻലാലിൻറെ കഥാപാത്രത്തിന് തന്റെ അച്ഛന്റെ ശബ്‍ദം കേൾപ്പിക്കുന്ന രംഗമായപ്പോൾ എന്റെ മനസ്സ് നിറഞ്ഞുപോയി. അച്ഛൻ എന്ന വികാരം എനിക്ക് എന്തെന്നില്ലാത്ത ഒരനുഭവമാണ്. എന്റെ മക്കളുടെ അച്ഛനായിരിക്കുക എന്നതും എന്റെ അച്ഛന്റെ മകനായിരിക്കുക എന്നതും ദിനേനയെന്നോണം എന്നെ ആഴത്തിൽ നിർവ്വചിക്കുന്ന, പുനർ നിർവ്വചിക്കുന്ന ഒരു വലിയ സത്യമാണ്.
മോഹൻലാലിനൊപ്പം, സംഗീത്, മാളവിക, സംഗീത തുടങ്ങി എല്ലാവരും അവരുടെ ഭാഗങ്ങൾ മികച്ചതാക്കി. ഈ സിനിമാനുഭവത്തിന് മുഴുവൻ അണിയറ പ്രവർത്തകർക്കും നന്ദി. പ്രത്യേകിച്ച് മലയാളത്തിന്റെ മോഹൻലാലിനും എന്റെ പ്രിയപ്പെട്ട സത്യേട്ടനും…'
അതേസമയം, ആദ്യ ദിനം 8.42 കോടി നേടിയ ഹൃദയപൂർവ്വത്തിന് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ചിത്രം നേടി. ചിത്രത്തിന്റെ ആഗോള കളക്ഷൻ 70 കോടിയോട് അടുക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും പറഞ്ഞത്.
Content Highlights: Former MP T N Prathapan praises mohanlal and hridayapoorvam movie