
മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് മനസുതുറന്നത്.
'ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും എനിക്കറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ ജോർജ്കുട്ടിയായി കണക്കാക്കി ആ കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ ഞാൻ കൊണ്ടുവരുന്നത്. മൂന്നാം ഭാഗത്തിന്റെ തിരക്കഥ മുഴുവൻ പൂർത്തിയായിട്ടുണ്ട്. അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് ദൃശ്യം 3 യുടെ തിരക്കഥ പൂർത്തിയായത്. പക്ഷെ പ്രേക്ഷകർ എന്താണ് മൂന്നാം ഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാണ് ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗത്തിനേക്കാൾ വ്യത്യസ്തമാകും മൂന്നാം ഭാഗം. അടുത്ത മാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും', ജീത്തു ജോസഫിന്റെ വാക്കുകൾ.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
#JeethuJoseph on #Drishyam3
— Marcus Legranda (@rameshsandhyaa) September 10, 2025
The focus shifts deeper into GK’s insecurities, offering a narrative very different from the first two installments. This time, the spotlight is on the characters’ lives and emotions, exploring the aftermath of events 4 years later.#Mohanlal pic.twitter.com/N4IraLP14G
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
Content highlights: jeethu joseph about drishyam 3