കെസിഎല്‍ കലാശപ്പോര് നാളെ! ശക്തരായ കൊച്ചിക്കെതിരെ രണ്ടാം കിരീടം തേടി കൊല്ലം

കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടും ജയിച്ചായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സെമിയിലേക്ക് മുന്നേറിയത്.

കെസിഎല്‍ കലാശപ്പോര് നാളെ! ശക്തരായ കൊച്ചിക്കെതിരെ രണ്ടാം കിരീടം തേടി കൊല്ലം
dot image

കെസിഎൽ ഫൈനൽ പോരാട്ടം നാളെ. കൊച്ചി ബ്ലൂ ടൈഗേഴ്‌സും കൊല്ലം സെയിലേഴ്‌സുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30നാണ് മത്സരം.

കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടും ജയിച്ചായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ കാലിക്കറ്റിനെതിരെ 15 റൺസിന്റെ വിജയം. ഒടുവിൽ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുകയാണ് കൊച്ചി. ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസന്റെ അഭാവം തീർച്ചയായും കൊച്ചിയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്. എങ്കിലും സഞ്ജുവില്ലാതെ നേടിയ സമീപ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം പകരുന്നുമുണ്ട്. സെമിയിലൊഴികെ മറ്റ് മല്‌സരങ്ങളിലെല്ലാം വിനൂപ് മനോഹരൻ നല്കിയ തകർപ്പൻ തുടക്കങ്ങളാണ് ടീമിന്റെ വിജയത്തിൽ നിർണ്ണായകമായത്.

11 ഇന്നിങ്‌സുകളിൽ നിന്നായി 344 റൺസുമായി ബാറ്റിങ് പട്ടികയിൽ നാലാം സ്ഥാനത്താണ് വിനൂപ് ഇപ്പോൾ. സഞ്ജുവിന്റെ അഭാവത്തിൽ വിനൂപിനൊപ്പം ഇന്നിങ്‌സ് തുറന്ന വിപുൽ ശക്തിയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്.

മൊഹമ്മദ് ഷാനുവും നിഖിൽ തോട്ടത്തും സാലി സാംസനും അടങ്ങുന്ന മധ്യനിരയും ശക്തം. മധ്യനിര നിറം മങ്ങിയ മത്സരങ്ങളിൽ ആൽഫി ഫ്രാൻസിസ് ജോണും ജോബിൻ ജോബിയും മൊഹമ്മദ് ആഷിഖും ജെറിൻ പി എസുമടങ്ങിയ ഓൾറൗണ്ടർമാരായിരുന്നു ടീമിനെ കരകയറ്റിയത്. ബൗളിങ്ങിൽ കെ എം ആസിഫ് തന്നെയാണ് ടീമിന്റെ കരുത്ത്. വെറും ഏഴ് മല്‌സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളുമായി ബൗളർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ആസിഫ്. ആസിഫിന്റെ വേഗവും കൃത്യതയും അനുഭവസമ്പത്തും ഫൈനലിലും ടീമിന് മുതൽക്കൂട്ടാവും. അവസാന മത്സരങ്ങളിൽ ടീമിനായിറങ്ങിയ പി കെ മിഥുനും മികച്ച ബൗളിങ് കാഴ്ച വയ്ക്കുന്നുണ്ട്.

മറുവശത്ത് പത്ത് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് മൂന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയ ടീമാണ് കൊല്ലം സെയിലേഴ്‌സ്. എന്നാൽ സെമിയിൽ എതിരാളികളായ തൃശൂരിനെ നിഷ്പ്രഭരാക്കി, പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു അവരുടേത്.മികച്ച ഫോമിലുള്ള ബൗളർമാരും, അവരെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തന്ത്രങ്ങളുമാണ് കഴിഞ്ഞ മത്സരങ്ങളിലെ വിജയങ്ങളിൽ നിർണ്ണായകമായത്. അഖിൽ സ്‌കറിയ കഴിഞ്ഞാൽ ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് കൊല്ലത്തിന്റെ അമൽ എ ജിയാണ്. ഇത് വരെ 16 വിക്കറ്റുകൾ വീഴ്ത്തിയ അമൽ തന്നെയായിരുന്നു സെമിയിൽ തൃശൂരിനെതിരെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയത്.

അമലിനൊപ്പം പവൻ രാജും ഷറഫുദ്ദീനും വിജയ് വിശ്വനാഥും അജയഘോഷും എം എസ് അഖിലുമടങ്ങുന്നതാണ് ബൌളിങ് നിര. ഇവരിലെല്ലാവരും തന്നെ ഓൾ റൗണ്ടർമാരുമാണ്. ബാറ്റിങ്ങിൽ ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ പോന്നവരാണ് ആദ്യ നാല് താരങ്ങളും. അഭിഷേക് ജെ നായർ കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ സ്ഥിരമായി ഫോം നിലനിർത്തുന്നുണ്ട്. കൂറ്റനടകളിലൂടെ സ്‌കോറുയർത്താൻ കെൽ പുള്ളവരാണ് സച്ചിൻ ബേബിയും വിഷ്ണു വിനോദും. അവസാന മല്‌സരങ്ങളിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ച വച്ച ഭരത് സൂര്യയും വത്സൽ ഗോവിന്ദും കൂടി ചേരുമ്പോൾ അതിശക്തമായ ബാറ്റിങ് നിരയാണ് കൊല്ലത്തിന്റേത്.

ഒപ്പത്തിനൊപ്പം നില്കുന്ന കരുത്തുറ്റ രണ്ട് ടീമുകളാണ് ഫൈനൽ പോരാട്ടത്തിൽ നേർക്കുനേരെത്തുന്നത്. ഫൈനലിന്റെ സമ്മർദ്ദം മറികടന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ടീമിനെത്തേടിയാകും വിജയമെത്തുക. ഒപ്പം ടോസിന്റെ ഭാഗ്യവും നിർണ്ണായകമാവും.

Content Highlights- Kochi and Kollam will face in KCl finals Tommorrow

dot image
To advertise here,contact us
dot image