
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും അയ്യപ്പന്റെ പേരില്‍ സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയാണോയെന്നുമായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. പരിപാടി നടത്തിപ്പിലും സ്പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തിലും സുതാര്യതയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പൊതുതാല്‍പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും റിപ്പോര്‍ട്ട് തേടി.
രാഷ്ട്രീയ ഉദ്ദേശം മുന്‍നിര്‍ത്തിയും മതവിരുദ്ധവുമാണ് ആഗോള അയ്യപ്പ സംഗമം എന്നാരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിക്കും അയ്യപ്പ സംഗമത്തിനും എന്ത് ബന്ധമെന്നും കോടതി ചോദിച്ചു.
സ്വകാര്യ കമ്പനികളില്‍ നിന്ന് അയ്യപ്പന്റെ പേരില്‍ സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയാണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പരിപാടി നടത്തിപ്പിലും സ്പോണ്‍സര്‍ഷിപ്പിലും സുതാര്യതയില്ലെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, വിഎം ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച് വിമര്‍ശിച്ചു. ഞെട്ടിക്കുന്നതാണ് സ്പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്താനുള്ള തീരുമാനം. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാകാന്‍ ഇത്തരം പരിപാടി ആവശ്യം ഉണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനാണ് ആഗോള അയ്യപ്പ സംഗമമെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. പിന്നാലെ ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ചെലവുകളിലും ഫണ്ട് സമാഹരണത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ അജീഷ് കളത്തില്‍ ഗോപിയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. സെപ്റ്റംബര്‍ എട്ടിന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Content Highlights- HC ask questions to govt and devaswom board over global ayyappa sangamam