
2021ലെ ഓസ്ട്രേലിയൻ പര്യടനത്തെ കുറിച്ച് ഈയടുത്ത് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ചെതേശ്വര്‍ പുജാര. ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 328 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ മൂന്നു വിക്കറ്റിന്റെ ഐതിഹാസിക വിജയം പിടിച്ചെടുത്ത മത്സരത്തിൽ പുജാരയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. റണ്‍ചേസില്‍ ശുഭ്മന്‍ ഗില്‍ (91), റിഷഭ് പന്ത് (89*) എന്നിവരാണ് കൂടുതല്‍ റണ്ണെടുത്തതെങ്കിലും അതിനേക്കാള്‍ മികച്ച പ്രകടനമായി വിശേഷിപ്പിക്കപ്പെടുന്നത് പുജാരയുടെ (211 ബോളില്‍ 56) ഇന്നിങ്‌സ് തന്നെയാണ്.
ആ പര്യടനം കരിയറിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്നാണ് പുജാര പറയുന്നത്. ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നേടിയ 56 റണ്‍സ് താന്‍ ഓര്‍ത്തുവയ്ക്കുന്ന മികച്ച ഇന്നിങ്‌സുകളുടെ പട്ടികയില്‍ ഒന്നാണെന്ന് പറഞ്ഞ പുജാര മത്സരത്തിൽ ശാരീരികമായി നേരിട്ട വെല്ലുവിളികളെ കുറിച്ചും തുറന്നുപറഞ്ഞു.
'2021 ലെ ഓസ്‌ട്രേലിയന്‍ പര്യടനം ഒരുപാട് ഓര്‍മകള്‍ നിറഞ്ഞതാണ്. ബാറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നു അത്. അപ്രതീക്ഷിതമായ ബൗണ്‍സായിരുന്നു പ്രധാന കാരണം. അത്തരത്തിലുള്ള ഒരുപാട് ഡെലിവറികള്‍ നേരിടേണ്ടിവന്നു. അത്തരം സാഹചര്യത്തിൽ ഓസ്‌ട്രേലിയയുടെ ബൗളിങ് ലൈനപ്പ് കൂടി പരിഗണിക്കുമ്പോള്‍ ഗാബയിലെ ബാറ്റിങ് വലിയ വെല്ലുവിളിയായിരുന്നു. ഒന്നിലേറെ തവണയാണ് എന്റെ ശരീരത്തില്‍ പന്ത് കൊണ്ടത്', പുജാര പറഞ്ഞു.
ഷോട്ടുകള്‍ കളിക്കുന്നതിനേക്കാള്‍ ശരീരംകൊണ്ട് പന്തുകളെ പ്രതിരോധിക്കാനായായിരുന്നു എന്റെ പ്ലാൻ. ഈ രീതിയില്‍ കളിച്ചത് ഫലപ്രദമാകുകയും ചെയ്തു. എന്റെ വിരലിന് പരിക്കേറ്റു. അവസാനം കളി ഞങ്ങള്‍ ജയിച്ചതിനാല്‍ ആ വേദനയെല്ലാം വലിയ വിലയുള്ളതായിരുന്നു - പുജാര പറഞ്ഞു.
'ദേഹത്ത് തുടര്‍ച്ചയായി പന്ത് കൊള്ളുമ്പോള്‍ ഏത് കളിക്കാരനും ആത്മവിശ്വാസം നഷ്ടപ്പെടും. പക്ഷേ ഒരേ സ്ഥലത്ത് തന്നെ അത് ആവർത്തിച്ച് അടിക്കുമ്പോൾ അസഹനീയമായ വേദനയുണ്ടാകും. അവിടെയാണ് നിങ്ങളുടെ സമർപ്പണവും രാജ്യത്തോടുള്ള സ്നേഹവും കടന്നുവരുന്നത്. മാനസികമായി കരുത്തരല്ലെങ്കില്‍ മോശം ഷോട്ടിലൂടെ നിങ്ങള്‍ വിക്കറ്റ് വലിച്ചെറിയാന്‍ സാധ്യതയുണ്ട്,' പുജാര കൂട്ടിച്ചേര്‍ത്തു.
Content Highlights: Cheteshwar Pujara recalls body blows in the Gabba Test against Australia in BGT 2021