
ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. മോശം ഫോം മൂലം വലഞ്ഞ ഇരുവരും ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. ഐപിഎല്ലിനിടയിലായിരുന്നു ക്രിക്കറ്റ് ആരാധകരെ വിഷമത്തിലാക്കിയ തീരുമാനങ്ങൾ. ഇരുവരെയും ബിസിസിഐ നിർബന്ധിച്ച് വിരമിപ്പിച്ചതാണെന്നും ഏകദിനത്തിൽ നിന്നും ഇരുവരും ഉടനെ വിരമിക്കുമെന്നും വാർത്തകളുണ്ടായിരുന്നു.
ഇപ്പോഴിതാ കോഹ്‌ലിയുടെയും രോഹിത്തിന്റെയും വിരമിക്കലിൽ ബിസിസിഐയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കാഴ്സൺ ഗാവ്‌റി. ബിസിസിഐയുടെ 'രാഷ്ട്രീയക്കളി'യാണ് ഇരുവരുടെയും വിരമിക്കലിന് പിന്നിലെന്നാണ് ഗാവ്‌റി തുറന്നടിച്ചത്. കോഹ്‌ലിക്ക് കുറച്ചുകാലം കൂടി ടെസ്റ്റില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ വിരമിക്കാന്‍ ആരോ താരത്തിനെ നിര്‍ബന്ധിച്ചതാണെന്നും മുന്‍ ഇന്ത്യന്‍ പേസര്‍ കൂട്ടിച്ചേര്‍ത്തു.
'രണ്ട് വര്‍ഷം കൂടി ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലിക്ക് തുടരാമായിരുന്നു. പക്ഷേ എന്തോ ഒന്ന് അദ്ദേഹത്തെ വിരമിക്കാന്‍ നിര്‍ബന്ധിച്ചു. നിര്‍ഭാഗ്യവശാല്‍ കോഹ്‌ലി വിരമിച്ചപ്പോള്‍ ഒരു ഫെയര്‍വെല്‍ പോലും ബിസിസിഐ കൊടുത്തതുമില്ല. ബിസിസിഐയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും ആരാധകര്‍ക്കും വേണ്ടി ഇത്രയധികം മഹത്തായ കാര്യങ്ങള്‍ ചെയ്ത മഹാന്മാരായ താരങ്ങള്‍ക്ക് തീര്‍ച്ചയായും ഗ്രാന്‍ഡായ യാത്രയയപ്പ് തന്നെ നല്‍കണമായിരുന്നു', വിക്കി ലാല്‍വാനി ഷോയില്‍ ഗാവ്‌റി പറഞ്ഞു.
'ബിസിസിഐയ്ക്കുള്ളിലെ രാഷ്ട്രീയക്കളിയാണ് രോഹിത്തും കോഹ്‌ലിയും വളരെ നേരത്തെ വിരമിച്ചതിന് മുഖ്യകാരണമായത്. പലര്‍ക്കും ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അവര്‍ക്ക് താത്പര്യമില്ലാതിരുന്നിട്ടും വിട്ടുപോവാന്‍ അവരോട് പറഞ്ഞതാണ്. ഇതെല്ലാം ബിസിസിഐയിലെ രാഷ്ട്രീയമാണ്', ഗാവ്‌റി തുറന്നടിച്ചു.
2025 മെയിലാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് തൊട്ടുമുന്‍പായിരുന്നു സൂപ്പര്‍ താരങ്ങള്‍ അപ്രതീക്ഷിതമായി പടിയിറങ്ങിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയാണ് ആദ്യം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഹിറ്റ്മാന്‍ അപ്രതീക്ഷിത തീരുമാനം ആരാധകരെ അറിയിച്ചത്.
രോഹിത്തിന് പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കോഹ്‌ലിയുടെയും പ്രഖ്യാപനം. ഇരുതാരങ്ങളും ഇല്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് എത്തിയത്.
Content Highlights: Internal politics in BCCI forced Virat Kohli, Rohit Sharma out of tests, says Karsan Ghavri