
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ കുപ്പായമണിഞ്ഞ് ഗ്രൗണ്ടിലിറങ്ങി കഴിഞ്ഞാല്‍ സ്വയം സമര്‍പ്പിക്കാന്‍ ഏതൊരു ക്രിക്കറ്ററും തയ്യാറാവണമെന്നാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. ജോലിഭാരമെന്നത് ഒരാള്‍ക്കു മാത്രം ബാധകമായ കാര്യമല്ലെന്നും എല്ലാവര്‍ക്കും അതിന്റെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമം എടുക്കാറുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പേരെടുത്തു പറയാതെ പരോക്ഷമായി വിമര്‍ശിക്കുക കൂടിയാണ് ഇര്‍ഫാന്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരേ സമാപിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും പന്തെറിയുകയും 23 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മുഹമ്മദ് സിറാജിനെ ഇര്‍ഫാന്‍ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
'ഒരിക്കല്‍ നിങ്ങള്‍ ഗ്രൗണ്ടിലെത്തിക്കഴിഞ്ഞാല്‍ പിന്നീട് ജോലിഭാരമെന്നത് ഒരിക്കലും പരിഗണനയില്‍ വരാന്‍ പാടില്ല. കളിക്കത്തിലെത്തിയാൽ ഒരു ടീമും മറ്റൊരു ടീം തമ്മിലുള്ള പോരാട്ടം മാത്രമാണുള്ളത്. അവിടെ മറ്റൊന്നും പ്രധാനമല്ല. ജയം മാത്രമായിരിക്കും ലക്ഷ്യം. പരിക്കില്‍ നിന്നുള്ള മുക്തിയും സാങ്കേതിക വിദ്യയുമെല്ലാം നല്ലതാണ്. പക്ഷെ ഒരിക്കല്‍ നിങ്ങള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ജഴ്‌സിയിലാണ് നിങ്ങള്‍ കളിക്കുന്നത്. അതിനു ശേഷം തിരിഞ്ഞു നോക്കാന്‍ പാടില്ല'
ഞാന്‍ നാലാവര്‍ അല്ലെങ്കില്‍ മൂന്നോവർ മാത്രമേ എറിയൂവെന്നു നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. ആളുകള്‍ ഇതു പറയുക മാത്രമല്ല, അതു ചെയ്യുന്നുണ്ട്. ഇക്കാലത്തെല്ലാം ഈ തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും ജസ്പ്രീത് ബുംറയുടെ പേര് പരാമര്‍ശിക്കാതെ ഇര്‍ഫാന്‍ വിമര്‍ശിക്കുകയും ചെയ്തു.
ഞാന്‍ ഏതെങ്കിലുമൊരു കളിക്കാരനെ കുറിച്ചല്ല എല്ലാവരെയും കുറിച്ചാണ് സംസാരിച്ചത്. മുഹമ്മദ് സിറാജ് ഓവലിലെ അവസാന ടെസ്റ്റിന്റെ അവസാനത്തെ ദിനം മണിക്കൂറില്‍ 145 കിമീ വേഗതയിലാണ് പന്തെറിഞ്ഞുകൊണ്ടിരുന്നത്. അദ്ദേഹത്തിനും ജോലിഭാരമുണ്ടെന്നത് ശരിയല്ലേ? ഇതു എല്ലാവര്‍ക്കും ബാധമാണ്. നിങ്ങള്‍ ഒരിക്കല്‍ ഗ്രൗണ്ടിലേക്കു ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ടീമിനു വേണ്ടി എല്ലാം നല്‍കാന്‍ ബാധ്യസ്ഥരാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: 'Mohammed Siraj has a workload too, right?', Irfan Pathan against Jasprit Bumrah