
വമ്പൻ പോരാട്ടങ്ങൾക്ക് ശേഷം ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി സമനിലയിൽ കലാശിച്ചിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യ വിജയിച്ചതോടെയാണ് പരമ്പര 2-2 എന്ന നിലയിൽ പിരിഞ്ഞത്. ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ പേസ് ബൗളർ മുഹമ്മദ് സിറാജായിരുന്നു ഇന്ത്യയുടെ വിജയശിൽപി.
രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നേടിയ സിറാജ് അവസാന ദിനമാണ് ഇതിൽ മൂന്നെണ്ണവും വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റുമായി തിളങ്ങി. ഇരുവർക്കും അഭിനന്ദനവുമായി മുൻ ഇന്ത്യൻ ഇതിഹാസ നായകൻ വിരാട് കോഹ്ലി എത്തിയിരുന്നു. ഇന്ത്യൻ ടീമിനും വിരാട് തന്റെ അഭിനന്ദനം അറിയിച്ചു.
എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന് മറുപടിയുമായി സിറാജും രംഗത്തെത്തി.
'ഇന്ത്യയുടെ മികച്ച വിജയം. സിറാജ്, പ്രസിദ്ധ് എന്നിവരുടെ കരുത്തും ദൃഢനിശ്ചയവും ഈ അപൂർവ വിജയത്തിലെചത്തിച്ചു. ടീമിന് വേണ്ടി എല്ലാം അങ്ങേയറ്റം നൽകുന്ന സിറാജിന് പ്രത്യേകം നന്ദി.
അദ്ദേഹത്തിന് വേണ്ടി ഒരുപാട് സന്തോഷം,' എന്നാണ് വിരാട് കുറിച്ചത്.
ഇതിന് മറുപടിയുമായി സിറാജ് രംഗത്തെത്തിയിരുന്നു. 'നന്ദി ബയ്യ, എന്നിൽ വിശ്വാസം അർപ്പിച്ചതിന്' എന്നാണ് സിറാജ് കുറിച്ചത്. വിരാട് കോഹ്ലിയുടെ കീഴിലായിരുന്നു സിറാജ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2018 മുതൽ 2024 വരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടിയും ഇ്‌രുവരും ഒരുമിച്ച് കളിച്ചിരുന്നു. ഇതിൽ നാല് സീസണുകളിൽ വിരാടായിരുന്നു സിറാജിന്റെ ക്യാപ്റ്റൻ.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും 23 വിക്കറ്റാണ് സിറാസ് സ്വന്തമാക്കിയത്. അവസാന ദിനം ഇന്ത്യക്ക് നാല് വിക്കറ്റും ഇംഗ്ലണ്ടിന് 35 റൺസുമായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. ഇവിടെ നിന്നും ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു. സിറാജ് മൂന്ന് പേരെ പറഞ്ഞയച്ചപ്പോൾ പ്രസിദ്ധ് ഒരു വിക്കറ്റ് സ്വന്തമാക്കി. സിറാജ് തന്നെയായിരുന്നു കളിയിലെ താരം.
Content Highlights- Muhammed Siraj Replies to Virat Kohlis Message