
കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസെടുക്കാന്‍ നിര്‍ദേശിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശ്വേതാ മേനോന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ പാലിക്കാതെ കേസെടുക്കാനുള്ള നിര്‍ദേശത്തില്‍ മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സിജെഎമ്മില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ രജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ശ്വേതാ മേനോന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എറണാകുളം സെന്‍ട്രല്‍ പൊലീസിന് നോട്ടീസ് നല്‍കി. ശ്വേതാ മേനോനെതിരെ പരാതി നല്‍കിയ മാര്‍ട്ടിന്‍ മെനാച്ചേരിക്കും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ശ്വേതയുടെ ഹര്‍ജി പരിഗണിച്ചത്. തനിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇന്ന് ഉച്ചയോടെയാണ് ശ്വേതാ മേനോന്‍ കോടതിയെ സമീപിച്ചത്.
സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എംഎയുടെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാലാണ് തനിക്കെതിരെ പരാതിയെന്ന് ശ്വേതാ മേനോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയാണ്. ദുരുദ്ദേശത്തോടെയും പകയോടെയുമാണ് തനിക്കെതിരായ പരാതിയെന്നും ശ്വേത പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെ അട്ടിമറിക്കാനാണ് പരാതിക്കാരന്റെ ശ്രമമെന്നും ശ്വേത പറഞ്ഞു. ദുരുദ്ദേശത്തിനായി കോടതിയെ ഉപയോഗിക്കുന്നത് തടയണം. കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. മനസ്സര്‍പ്പിക്കാതെയാണ് പരാതിയില്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. സ്വകാര്യ അന്യായത്തില്‍ നിന്ന് എന്തെങ്കിലും കുറ്റകൃത്യം വെളിപ്പെടുന്നില്ലെന്നും ശ്വേത പറയുന്നു. നിരവധി ആക്ഷേപങ്ങള്‍ നേരിടുന്നയാളാണ് പരാതിക്കാരനെന്നും ശ്വേത ചൂണ്ടിക്കാട്ടി. പരാതിക്കാരന്റെ നടപടി ദുരുദ്ദേശത്തോടെയാണ്. നിയമനടപടിക്രമങ്ങളെ അധാര്‍മ്മികമായി ഉപയോഗിക്കുകയാണ്. കേസിലെ നടപടികള്‍ തുടരുന്നത് നീതി നിഷേധമാകും. പാലേരി മാണിക്യം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നേടിയ ചിത്രമാണ്. ഈ ചിത്രത്തിലെ കഥാപാത്രത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഗര്‍ഭ നിരോധന ഉറയുടെ പരസ്യവും സര്‍ക്കാര്‍ അനുമതിയോടെയായിരുന്നു. മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണ് നിയമ നടപടിയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. അശ്ലീല വെബ്സൈറ്റുകള്‍ നടത്തുന്നുവെന്ന ആക്ഷേപം അപകീര്‍ത്തിപ്പെടുത്താനാണെന്നും ശ്വേത പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. ഇത്തരം നടപടികളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം. പരാതിക്കാരന്റെ മനോഭാവനയില്‍ വിരിഞ്ഞ കഥകളാണ് പരാതിയുടെ അടിസ്ഥാനം. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും ശ്വേത ആവശ്യപ്പെട്ടിരുന്നു. ശ്വേതയുടെ വാദങ്ങള്‍ പരിഗണിച്ചാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്.
ശ്വേത അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമായിരുന്നു പരാതിക്കാരന്‍ അശ്ലീലരംഗങ്ങളായി പരാതിയില്‍ ഉന്നയിച്ചിരുന്നത്. ആദ്യം സെന്‍ട്രല്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ സിജെഎം കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി ശ്വേതയ്‌ക്കെതിരെ കേസെടുക്കാന്‍ സെന്‍ട്രല്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമായിരുന്നു ശ്വേതയ്‌ക്കെതിരെ കേസെടുത്തത്.
Content Highlights- HC freeze further actions on case against actress shwetha menon registered by central police