
ഒടുവില്‍ വിജയമധുരം നുണഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്. പാകിസ്താനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. അവസാന പന്തുവരെ ആവേശമുണര്‍ത്തിയ മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് പാകിസ്താനെ വിന്‍ഡീസ് മുട്ടുകുത്തിച്ചത്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്ക് ശേഷം വിന്‍ഡീസ് സ്വന്തമാക്കിയ വിജയമാണിത്.
ഫ്‌ളോറിഡയിലെ ലൗഡര്‍ഹില്ലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അവസാന പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് വിജയത്തിലെത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സമനിലയിലാക്കാനും വിന്‍ഡീസിന് സാധിച്ചു. ഒന്നാം മത്സരം 14 റണ്‍സിന് പാകിസ്താന്‍ സ്വന്തമാക്കിയിരുന്നു.
West Indies seal a last ball thriller in Lauderhill to level the T20I series 1-1 👊#WIvPAK 📝: https://t.co/ZvjRTZnNSC pic.twitter.com/1i2KBYh3NE
— ICC (@ICC) August 3, 2025
ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 40 റണ്‍സെടുത്ത ഹസ്സന്‍ നവാസിന്റെയും 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. വണ്‍ഡൗണായി എത്തിയ ഫഖര്‍ സമാന്‍ (20) മാത്രമാണ് പാക് നിരയില്‍ പിന്നീട് രണ്ടക്കം കാണാന്‍ സാധിച്ചത്. വിന്‍ഡീസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ ഗുഡകേഷ് മോട്ടി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് അനായാസം വിജയത്തിലെത്താന്‍ സാധിച്ചില്ല. ഒരു ഘട്ടത്തില്‍ 70 റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ കൂപ്പുകുത്തിയ വിന്‍ഡീസിനെ ഗുഡകേഷ് മോട്ടിയുടെ ഇന്നിങ്‌സാണ് രക്ഷിച്ചത്. 20 പന്തില്‍ 28 റണ്‍സ് നേടിയാണ് മോട്ടി പുറത്തായത്.
21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ്പും ഭേദപ്പെട്ട സംഭാവന നല്‍കി. കൂടാതെ ജേസണ്‍ ഹോള്‍ഡര്‍ ബാറ്റുകൊണ്ടും വിന്‍ഡീസിന്റെ രക്ഷയ്‌ക്കെത്തി. അവസാനപന്തില്‍ ഹോള്‍ഡര്‍ നേടിയ ബൗണ്ടറിയാണ് വിന്‍ഡീസിന്റെ വിജയം കുറിച്ചത്. ജേസണ്‍ 10 പന്തില്‍ പുറത്താകാതെ ഹോള്‍ഡര്‍ നേടി. തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി.
Content Highlights: West Indies defeated Pakistan by 2 wickets in 2nd T20