പാകിസ്താനെതിരെയും രക്ഷയില്ല; ഒന്നാം ടി20യില്‍ വിന്‍ഡീസിന് പരാജയം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിന്‍ഡീസ് വൈറ്റ് വാഷ് പരാജയം ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് പാക് പടയ്‌ക്കെതിരെയും തോല്‍വിയോടെ തുടങ്ങിയിരിക്കുന്നത്

dot image

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. പാകിസ്താനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയം വഴങ്ങിയിരിക്കുകയാണ് വിന്‍ഡീസ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിന്‍ഡീസ് വൈറ്റ് വാഷ് പരാജയം ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് പാക് പടയ്‌ക്കെതിരെയും തോല്‍വിയോടെ തുടങ്ങിയിരിക്കുന്നത്.

ഫ്‌ളോറിഡയില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് വിന്‍ഡീസിനെ പാകിസ്താന്‍ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

ടോസ് നഷ്ടപ്പെട്ട പാകിസ്താന്‍ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 38 പന്തില്‍ 57 റണ്‍സെടുത്ത സയിം അയൂബാണ് ടോപ് സ്‌കോറര്‍. ഹസന്‍ നവാസിന്റെയും (24) ഫഹീം അഷ്‌റഫിന്റെയും (16) ഇന്നിങ്‌സിലൂടെ അവസാന 31 പന്തില്‍ 58 റണ്‍സെടുത്ത പാകിസ്താന്‍ മികച്ച സ്‌കോറിലെത്തി. വിന്‍ഡീസിന് വേണ്ടി ഷമാര്‍ ജോസഫ് മൂന്ന് വിക്കറ്റെടുത്തു.

179 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ വിന്‍ഡീസ് ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ പാകിസ്താന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വിന്‍ഡീസിന് അടിയറവ് പറഞ്ഞു. ഒറ്റ ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് പാകിസ്താന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്.

മുഹമ്മദ് നവാസ് എറിഞ്ഞ ഓവറില്‍ ജോണ്‍സണ്‍ ചാള്‍സ് (35), ജുവല്‍ ആന്‍ഡ്രൂ (35), ഗുഡകേഷ് മോട്ടി (0) എന്നിവര്‍ പവലിയനിലേക്ക് മടങ്ങി. ജേസണ്‍ ഹോള്‍ഡര്‍ (30) ഷമാര്‍ ജോസഫ് (21) എന്നിവരുടെ ഇന്നിങ്‌സുകള്‍ തോല്‍വിഭാരം കുറച്ചു. മുഹമ്മദ് നവാസിന് പുറമെ സയിം അയൂബ് രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

Content Highlights: West Indies Vs Pakistan, 1st T20: PAK Beat WI By 14 Runs In Florida

dot image
To advertise here,contact us
dot image