സെബാസ്റ്റ്യന്‍ കൊടുംകുറ്റവാളി? ചേര്‍ത്തല സിന്ധു തിരോധാന കേസിലും സംശയമുനയില്‍; പുനരന്വേഷണത്തിലേക്ക്

പ്രതിയെ അടുത്ത ദിവസം പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

dot image

ആലപ്പുഴ: ചേര്‍ത്തല തിരോധാന കേസുകളുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തല സിന്ധു തിരോധാന കേസും പുനരന്വേഷണത്തിലേക്ക്. പ്രതി സെബാസ്റ്റ്യനെ സംശയമുനയില്‍ നിര്‍ത്തിയാണ് അന്വേഷണം. സിന്ധുവിന്റെ കേസ് ഫയല്‍ പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. പ്രതിയെ അടുത്ത ദിവസം പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ബിന്ദു പത്മനാഭന്‍, ഐഷ തിരോധാന കേസുകള്‍ക്കും ജൈനമ്മ കൊലപാതക കേസിനും പുറമേ സെബാസ്റ്റ്യനെ സംശയമുനയില്‍ നിര്‍ത്തുകയാണ് അഞ്ചുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത ചേര്‍ത്തല സിന്ധു തിരോധാന കേസും. 2020 ഒക്ടോബര്‍ 19നാണ് സിന്ധുവിനെ കാണാതായത്. വള്ളാകുന്നം വെളിയില്‍ വീട്ടില്‍ നിന്നും തിരുവിഴ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞാണ് സിന്ധു വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് സിന്ധുവിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ സിന്ധുവിനെ മകളുടെ വിവാഹത്തിന് രണ്ട് മാസം മുമ്പാണ് കാണാതാകുന്നത്. അന്ന് വിവാഹത്തിനുള്ള സ്വര്‍ണമടക്കം സിന്ധു കണ്ടെത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇത് ഉള്‍പ്പെടെയാണ് തിരോധാന കേസില്‍ സെബാസ്റ്റ്യന് പങ്കുണ്ടോ എന്ന സംശയമുയര്‍ത്തുന്നത്.

സ്ത്രീകളെ പ്രണയം നടിച്ച് കൊലപ്പെടുത്തി സ്വത്തും സ്വര്‍ണ്ണവും കൈക്കലാക്കുന്ന കുറ്റവാസനയുള്ള ആളാണോ സെബാസ്റ്റ്യന്‍ എന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. സെബാസ്റ്റ്യനുമായി സൗഹൃദം ഉണ്ടായിരുന്ന സ്ത്രീകളെ പലരേയും പിന്നീട് കാണാതായത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചേര്‍ത്തല ബിന്ദു പത്മനാഭന്‍ തിരോധാന കേസിലെ പ്രതിയായ സെബാസ്റ്റ്യന്‍ നിലവില്‍ ഏറ്റുമാനൂര്‍ ജൈനമ്മ കൊലക്കേസിലും പ്രതിയാണ്.

ജൈനമ്മ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചേര്‍ത്തല ഐഷ തിരോധാന കേസിലും സെബാസ്റ്റ്യന് പങ്കുണ്ടോ എന്ന സംശയം ഉയരുന്നത്. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ക്യാപ്പിട്ട പല്ല് ഐഷയുടെതാണോ എന്നാണ് സംശയം. സെബാസ്റ്റ്യനുമായി അടുപ്പമുണ്ടായിരുന്ന ഐഷയെ 2012ലാണ് കാണാതായത്. പിന്നാലെയാണ് സിന്ധു തിരോധാന കേസിലും സെബാസ്റ്റിയന് പങ്കുണ്ടോയെന്ന സംശയമുയരുന്നത്.

Content Highlights: Sebastian Suspicion in Cherthala Sindhu disappearance case too

dot image
To advertise here,contact us
dot image