
സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് വിജയം. ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് കിവിപ്പട സ്വന്തമാക്കിയത്. തകർപ്പൻ സ്പിൻ ബോളിംഗ് പ്രകടനവുമായി ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് ന്യൂസിലൻഡിനെ മുന്നിൽ നിന്ന് നയിച്ചത്. 27 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് സാന്റ്നർ വീഴ്ത്തിയത്.
രണ്ടാം ഇന്നിങ്സിൽ സിംബാബ്‌വെ 165 റൺസിന് പുറത്തായി. ഇതോടെ എട്ട് റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ഡെവോൺ കോൺവേയെ (4) ന്യൂമാൻ നയൻഹൂരി പുറത്താക്കിയെങ്കിലും ഹെൻറി നിക്കോൾസ് വിജയറൺ നേടി മത്സരം അവസാനിപ്പിച്ചു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ന്യൂസിലാന്‍ഡ് മുന്നിലെത്തി.
രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച സിംബാബ്‌വെയുടെ വിക്കറ്റുകൾ അതിവേഗം നിലംപൊത്തി. വിൽ ഒ’റൂർക്ക് നൈറ്റ്‌വാച്ച്‌മാൻ വിൻസെന്റ് മാസെകേസയെയും നിക്ക് വെൽച്ചിനെയും തുടക്കത്തിൽ തന്നെ പുറത്താക്കി. തുടർന്ന് സീനിയർ താരങ്ങളായ സീൻ വില്യംസ് (49), ക്രെയ്ഗ് എർവിൻ (22) എന്നിവർ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സാന്റ്നറും മാറ്റ് ഹെൻറിയും ഈ കൂട്ടുകെട്ട് പൊളിച്ച് സിംബാബ്‌വെയുടെ ചെറുത്ത് നിൽപ്പ് അവസാനിപ്പിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം സിക്കന്ദർ റാസയും നയൻഹൂരിയും വേഗം പുറത്തായി. വിക്കറ്റ് കീപ്പർ തഫാദ്‌സ്‌വ സിഗ (27), ബ്ലെസിങ് മുസറബാനി (19) എന്നിവർ ചേർന്ന് ഒമ്പതാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്ത് ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും, സാന്റ്നർ വാലറ്റത്തെ ചുരുട്ടിക്കെട്ടി ന്യൂസിലൻഡിന് വിജയം സമ്മാനിച്ചു.
Content Highlights: New Zealand beat Zimbabwe, New Zealand won by 9 wickets