'സ്റ്റോക്‌സിന് കൈകൊടുക്കുന്നതായിരുന്നു മാന്യത'; ജഡേജയ്ക്കും സുന്ദറിനുമെതിരെ ഡെയ്ല്‍ സ്റ്റെയ്ന്‍

ജഡേജയും സുന്ദറും സെഞ്ച്വറിയോട് അടുക്കവേ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ഇരുവരും അതിന് തയാറായിരുന്നില്ല

dot image

ഇംഗ്ലണ്ട്-ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാനദിനത്തിലെ 'ഷേക്ക്ഹാന്‍ഡ്‌' വിവാദത്തില്‍ പ്രതികരിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഫാസ്റ്റ് ബോളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. സമനില ഉറപ്പിച്ചതോടെ ഹസ്തദാനം ചെയ്ത് പിരിയാമെന്ന ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കലായിരുന്നു മാന്യതയെന്ന് പറഞ്ഞ അദ്ദേഹം രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും വിമര്‍ശിച്ചു. ഇന്ത്യൻ താരങ്ങളെ പിന്തുണച്ച് ദക്ഷിണാഫ്രിക്കയുടെ തന്നെ ടബേരാസ് ഷംസി എക്സിൽ പങ്കുവച്ച പോസ്റ്റിനു താഴെ കമന്റായാണ് സ്റ്റെയ്ൻ നിലപാട് വ്യക്തമാക്കിയത്.

'സമനില ലഭിക്കാന്‍ വേണ്ടിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. സമനിലയില്‍ പിരിയാമെന്ന് എതിര്‍ ക്യാപ്റ്റന്‍ പറയുമ്പോള്‍ അത് സ്വീകരിക്കലായിരുന്നു മാന്യത. എന്നിരുന്നാലും അവര്‍ നന്നായി ബാറ്റ് ചെയ്തു, അവസാന മണിക്കൂര്‍ അടുക്കുമ്പോള്‍ ആ നാഴികക്കല്ലുകള്‍ എത്തുന്നതില്‍ അവര്‍ കൂടുതല്‍ ആക്രമണാത്മകത കാണിക്കേണ്ടതായിരുന്നു- ഡെയ്ല്‍ സ്റ്റെയ്ന്‍ തന്റെ എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

ജഡേജയും സുന്ദറും സെഞ്ച്വറിയോട് അടുക്കവേ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ഇരുവരും അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ജഡേജയും സ്റ്റോക്സും തമ്മില്‍ വാക് പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യ സമനിലക്ക് സമ്മതിച്ച് കൈകൊടുത്തത്. ഈ സമയം സ്റ്റോക്സ് ജഡേജയ്ക്ക് കൈ കൊടുത്തതുമില്ല. ഇതാണ് വിവാദമായത്.

അതേസമയം ഇന്നിങ്‌സ് ജയം പ്രതീക്ഷിച്ചിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ്ങ് പ്രകടനം. പൂജ്യത്തിന് രണ്ട് എന്ന നിലയിൽ നിന്നും കളി അവസാനിക്കുമ്പോൾ 425 റൺസിന് നാല് എന്ന നിലയിലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ജഡേജയ്ക്കും സുന്ദറിനും കൂടാതെ ക്യാപ്റ്റൻ ഗില്ലും സെഞ്ച്വറി തികച്ചു.

Content Highlights: Dale Steyn criticises Sundar-Jadeja refusing early draw for ‘personal goals’

dot image
To advertise here,contact us
dot image