
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വീരോചിത പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വിമർശിച്ച് മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു. മാഞ്ചസ്റ്ററിൽ തന്റെ സെഞ്ച്വറി പ്രകടനത്തിലൂടെ കളി സമനിലയിലാക്കാനും ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി പരമ്പര നിലനിർത്താനും ഇന്ത്യയെ സഹായിച്ച താരമാണ് ജഡേജ. ഇതിന് പിന്നാലെ ജഡേജയുടെ പ്രകടനത്തെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് നവ്‌ജ്യോത് സിങ് സിദ്ദുവും ജഡേജയുടെ പ്രകടനം വിശകലനം ചെയ്ത് രംഗത്തെത്തിയത്. ജഡേജയ്ക്ക് ഒരിക്കലും ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരവും വിജയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് സിദ്ദുവിന്റെ അഭിപ്രായം. കപിൽ ദേവിനെ പോലെ ജഡേജയ്ക്ക് മാച്ച് വിന്നറാകാൻ സാധിച്ചിട്ടില്ലെന്നും അത്തരത്തില്‍ ടീമിന് ആശ്രയിക്കാന്‍ പാകത്തിന് താരം വളര്‍ന്നിട്ടില്ലെന്നുമാണ് സിദ്ദു പറഞ്ഞു.
താന്‍ ജഡേജയെ മുന്‍പ് കുറേ പുകഴ്ത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ അതല്ല സ്ഥിതിയെന്നും അദ്ദേഹം വിശദീകരിക്കുന്നു. 'കപില്‍ ദേവ് ഒരു ബോളിങ് ഓള്‍റൗണ്ടറായിരുന്നു.ഇന്ത്യയ്ക്ക് വേണ്ടി വിദേശത്ത് നിരവധി ടെസ്റ്റുകള്‍ ജയിച്ചിട്ടുമുണ്ട്. ജഡേജയാവട്ടെ വേഗത്തിൽ ഓവറുകൾ എറിയുകയും നിയന്ത്രണാതീതമായ ബൗളിംഗ് നടത്തുകയും ചെയ്യുന്നു, പക്ഷേ അദ്ദേഹത്തിന് ടെസ്റ്റ് മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുന്നില്ല, ആദ്യ ടെസ്റ്റ് മുതൽ ഇത് വ്യക്തമാണ്', സിദ്ദു തന്റെ യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടു.
അതേ സമയം ഇന്നിങ്‌സ് ജയം പ്രതീക്ഷിച്ചിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ്ങ് പ്രകടനം. പൂജ്യത്തിന് രണ്ട് എന്ന നിലയിൽ നിന്നും കളി അവസാനിക്കുമ്പോൾ 425 റൺസിന് നാല് എന്ന നിലയിലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ജഡേജയ്ക്കും സുന്ദറിനും കൂടാതെ ക്യാപ്റ്റൻ ഗില്ലും സെഞ്ച്വറി തികച്ചു.
Content Highlights: Ravindra Jadeja can't win overseas Tests: Navjot Singh Sidhu