
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തേതും നിര്‍ണായകവുമായ മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇറങ്ങണമെന്ന് മുന്‍ താരം ആകാശ് ചോപ്ര. അമിത ജോലിഭാരം കാരണം പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കൂവെന്ന് ബുംറ അറിയിച്ചിരുന്നു. ഇതിനോടകം തന്നെ മൂന്ന് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞ ബുംറ ഓവലില്‍ ഇറങ്ങുമോയെന്ന ആശങ്കയിലാണ് ആരാധകർ.
എന്നാല്‍ പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇറങ്ങാന്‍ ബുംറ നിര്‍ബന്ധിതനാകും. നാലാം ടെസ്റ്റില്‍ ബുംറ അധികം പന്തെറിയാതിരുന്ന സാഹചര്യത്തില്‍ ഓവലില്‍ ബുംറ കളിക്കണമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം.
'ഓവലില്‍ ഇന്ത്യയുടെ ബോളിങ് അറ്റാക്ക് എങ്ങനെയായിരിക്കും? റിഷഭ് പന്ത് പരമ്പരയില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ധ്രുവ് ജുറേലായിരിക്കും കളിക്കുക. അത് ഉറപ്പായിരിക്കുകയാണ്. ഇന്ത്യയുടെ ബോളര്‍മാര്‍ ആരും തന്നെ പരിക്കിന്റെ പിടിയിലല്ലെന്നും എല്ലാവരും കളിക്കാമെന്നും കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞിട്ടുണ്ട്. ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിനെ കുറിച്ച് നമ്മള്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഒരു തവണ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ', ആകാശ് ചോപ്ര പറഞ്ഞു.
'മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യ ദിനവും അവസാന ദിനവും ഇന്ത്യ പന്തെറിഞ്ഞിട്ടില്ല. രണ്ടാം ദിനവും മൂന്നാം ദിനവും നാലാം ദിവസം കുറച്ചുമാണ് ഇന്ത്യ പന്തെറിഞ്ഞിട്ടുള്ളത്. ഓവലില്‍ ബുംറ പന്തെറിയണോ എന്നുള്ളത് വലിയ ചോദ്യമാണ്. നിങ്ങള്‍ എത്ര മത്സരങ്ങള്‍ കളിച്ചു എന്നതിലല്ല, മറിച്ച് എത്ര ഓവറുകള്‍ ബോള്‍ ചെയ്തു എന്നതിലായിരിക്കണം വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ്', ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
അതേസമയം ജൂലൈ 31 മുതല്‍ ഓവലിലാണ് ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ മത്സരം. മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ സമനില നേടി പരമ്പര നിലനിര്‍ത്തിയതോടെ ഓവല്‍ ടെസ്റ്റ് ഇന്ത്യയ്ക്ക് അതിനിര്‍ണായകമാണ്.
Content Highlights: Aakash Chopra analyses Bumrah's chance of playing the final Test match