
ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നേടിയ നാടകീയ സമനില പരമ്പരയിൽ ഇന്ത്യയുടെ സാധ്യത നിലനിർത്തുക മാത്രമല്ല ചെയ്തത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ പോയിന്റ് അൽപ്പം മെച്ചപ്പെടുത്തുകയും ചെയ്തു.
സമനിലയിലൂടെ ഇന്ത്യയും ഇംഗ്ലണ്ടും നാല് പോയിന്റുകൾ നേടി. ഇന്ത്യ 12 പോയിന്റിൽ നിന്ന് 16 പോയിന്റിലേക്ക് മുന്നേറി, 33.33 എന്ന വിജയ് ശതമാനവുമായി പട്ടികയിൽ നാലാം സ്ഥാനം നിലനിർത്തി.
നിലവിൽ 26 പോയിന്റുള്ള ഇംഗ്ലണ്ട്, ലോർഡ്‌സ് ടെസ്റ്റിനിടെ നടത്തിയ സ്ലോ ഓവർ റേറ്റ് നിയമലംഘനത്തിന് രണ്ട് പോയിന്റ് പെനാൽറ്റി കാരണം രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 54 ശതമാനാണ് ഇംഗ്ലണ്ടിനുള്ളത്.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ടെസ്റ്റുകളിൽ മൂന്നും ജയിച്ച ഓസ്ട്രേലിയയാണ് പട്ടികയിൽ ഒന്നാമത്. നൂറുശതമാനം വിജയമാണ് അവർക്കുള്ളത്. ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമായി 16 പോയിന്റും 66 ശതമാനവുമായുള്ള ശ്രീലങ്കയാണ് രണ്ടാമത്.
ന്യൂസിലാൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഈ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ല.
Content Highlights: Draw in Manchester; India earn points in World Test Championship